കോൺഗ്രസിൽ നിന്ന് പോയതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പഞ്ചാബ് മുൻ എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു രംഗത്ത്. രാഹുൽ ഗാന്ധി യാഥാർഥ്യത്തിൽ നിന്നകന്ന് സ്വപ്നലോകത്തിലാണ് ജീവിക്കുന്നതെന്നും ചെയ്യുന്നതും പറയുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്നും നവ്ജ്യോത് കൗർ ആരോപിച്ചു.
കൂടാതെ രാഹുലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യപെടുത്തിയും നവ്ജ്യോത് കൗർ സംസാരിച്ചു. രാഹുൽ ഗാന്ധിക്ക് മോദിക്കെതിരെ വിരൽ ചൂണ്ടാൻ മാത്രമേ സാധിക്കു എന്നും അല്ലാതെ തൊടാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. കൂടാതെ രാഹുലിനേക്കാൾ മോദിയുടെ കൈയിൽ പൈസ ഉണ്ടെന്നും മോദിക്കെതിരായ ഒരു ഫയൽ എങ്കിലും രാഹുലിന്റെ കൈയിൽ ഉണ്ടോ എന്നും അവർ ചോദിച്ചു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്റെ അനീതിയെക്കുറിച്ച് പറയാൻ എട്ട് മാസത്തോളം രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതായി നവ്ജ്യോത് കൗർ സിദ്ദു പറഞ്ഞു. കൂടാതെ “നിങ്ങൾക്ക് താഴെ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ലെങ്കിൽ, ഖേദത്തോടെ പറയട്ടെ, നിങ്ങൾ ആ കസേരയ്ക്ക് അർഹനല്ല. നിങ്ങൾ ചെയ്യുന്നതിന് നിങ്ങളാണ് ഉത്തരവാദി,” അവർ പറഞ്ഞു. രാഹുൽ പഞ്ചാബിൽ വിജയിക്കില്ലെന്നും നവ്ജ്യോത് കൗർ ആരോപിച്ചു.
















