തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിനായി, സമഗ്രമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍. പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, ടിക്കറ്റ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2026 മാര്‍ച്ച് 03-ന് ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ യാത്രക്കാരുടെ ഗതാഗതം കാര്യക്ഷമമാക്കുന്നതിനായി കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് പുറപ്പെടും. നാഗര്‍കോവിലിലേക്കുള്ള ട്രെയിനുകള്‍ അഞ്ചാം പ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെടും.
ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന്, പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. തിരുവനന്തപുരം സെന്‍ട്രലിലെ പ്ലാറ്റ്ഫോമുകളില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം (UTS), UTS-ഓണ്‍-മൊബൈല്‍ QR കോഡ് കൗണ്ടറുകള്‍ എന്നിവയും ക്രമീകരിക്കും.
ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (GRP), ലോക്കല്‍ പോലീസ്, മറ്റ് അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (RPF) യാത്രക്കാരുടെ സുരക്ഷ സജീവമായി നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. അടിയന്തര സഹായം നല്‍കുന്നതിനും തടസ്സരഹിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി പ്രധാന സ്ഥലങ്ങളില്‍ മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമുകളെ വിന്യസിക്കും.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം, എറണാകുളം ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍- നാഗര്‍കോവില്‍ ജംഗ്ഷന്‍ എന്നീ റൂട്ടുകളില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
സ്‌പെഷ്യല്‍ ട്രെയിനുകള്‍
1. ട്രെയിന്‍ നമ്പര്‍ 06121 തിരുവനന്തപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍
ട്രെയിന്‍ 2026 മാര്‍ച്ച് 02-ന് രാത്രി 20.55-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 23.20-ന് നാഗര്‍കോവിലില്‍ എത്തിച്ചേരും.
2. ട്രെയിന്‍ നമ്പര്‍ 06122 നാഗര്‍കോവില്‍ ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍
ട്രെയിന്‍ 2026 മാര്‍ച്ച് 03 ന് നാഗര്‍കോവിലില്‍ നിന്ന് 01.40-ന് പുറപ്പെട്ട് 03.30 ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.
3.ട്രെയിന്‍ നമ്പര്‍ 06123 എറണാകുളം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍
ട്രെയിന്‍ 2026 മാര്‍ച്ച് 03-ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 01.20 ന് പുറപ്പെടും. തിരുവനന്തപുരത്ത് 06.30-ന് എത്തിച്ചേരും.
4. ട്രെയിന്‍ നമ്പര്‍ 06124 തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍
ട്രെയിന്‍ 15.10 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും 20.15ന് എറണാകുളത്ത് എത്തിച്ചേരും.
5. ട്രെയിന്‍ നമ്പര്‍.06124 ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്
2026 മാര്‍ച്ച് 03-ന് 14.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും 19.10 മണിക്ക് എറണാകുളത്ത് എത്തിച്ചേരും.
II. അധിക സ്റ്റോപ്പുകള്‍
12624 തിരുവനന്തപുരം സെന്‍ട്രല്‍ – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 2026 മാര്‍ച്ച് 03 ന് കഴക്കൂട്ടത്തും, ചിറയിന്‍കീഴിലും താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
16729 മധുരൈ-പുനലൂര്‍ എക്‌സ്പ്രസ് മധുരയില്‍ നിന്ന് പുറപ്പെടുന്നു. 2026 മാര്‍ച്ച് 02-ന് പള്ളിയാടിയിലും ബാലരാമപുരത്തും താല്‍ക്കാലികമായി നിര്‍ത്തും.
2026 മാര്‍ച്ച് 02-ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16344 രാമേശ്വരം-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ് ചിറയിന്‍കീഴില്‍ താല്‍ക്കാലികമായി നിര്‍ത്തും.
2026 മാര്‍ച്ച് 03-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് തിരുവനന്തപുരം പേട്ടയില്‍ താല്‍ക്കാലികമായി നിര്‍ത്തും
2026 മാര്‍ച്ച് 03-ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 20631 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം പേട്ടയില്‍ താല്‍ക്കാലികമായി നിര്‍ത്തും
പുനഃക്രമീകരണം
2026 മാര്‍ച്ച് മൂന്നിന് സര്‍വ്വീസ് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം – നാഗര്‍കോവില്‍ പാസഞ്ചര്‍, കൊല്ലം – കന്യാകുമാരി മെമു, നാഗര്‍കോവില്‍ – കോട്ടയം എക്‌സ്പ്രസ് എന്നിവ വൈകി സര്‍വ്വീസ് നടത്തും.
തീര്‍ത്ഥാടക യാത്രക്കാര്‍ക്കുള്ള പ്രധാന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
സുരക്ഷാ കാരണങ്ങളാല്‍ റെയില്‍വേ പരിസരത്ത് പൊങ്കാല അടുപ്പുകള്‍ കത്തിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോമുകളിലും ഫുട് ഓവര്‍ ബ്രിഡ്ജുകളിലും (FOBs) ഇരിക്കുകയോ തിരക്ക് കൂട്ടുകയോ ചെയ്യാന്‍ അനുവദിക്കില്ല.
റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു; പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ യാത്രക്കാര്‍ ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ ഉപയോഗിക്കണം.
സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ യാത്രക്കാര്‍ ആര്‍പിഎഫ്, പോലീസ്, റെയില്‍വേ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
















