തിരുവനന്തപുരം പേരൂർക്കടയിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ പിടിയിൽ. കാച്ചാണി ചിലക്കുഴി കൃഷ്ണവിലാസം വീട്ടില്‍ സന്തോഷ് കുമാറിനെയാണ് (53) പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. 22 കാരിക്ക് നേരെയാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്.
ഇന്നലെ രാവിലെ 8.30 ക്കായിരുന്നു സംഭവം. മണ്ണാമ്മൂലയിൽ സ്‌കൂളിന് പിറകുവശത്ത് സ്‌കൂട്ടറിലെത്തിയ പ്രതി യുവതിയോട് ഊളമ്പാറയിലോട്ട് പോകുന്ന വഴി ചോദിച്ചു. യുവതി അറിയില്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് യുവതി മുന്നോട്ടു നടക്കവെ സ്കൂട്ടർ വഴിയിൽ നിർത്തി ഇയാൾ യുവതിയുടെ മുന്നിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
ഇതിന് ശേഷം ഇയാൾ യുവതിയുടെ കൈയിലും കയറി പിടിച്ചു. ഉടൻ തന്നെ യുവതി ബഹളം വെക്കുകയും നാട്ടുകാർ ഓടി എത്തുന്നതിന് മുമ്പ് ഇയാൾ ഓടി രക്ഷപെടുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസ് എടുത്തു അറസ്റ്റ് രേഖപെടുത്തിയിരിക്കുകയാണ്.
















