സിനിമയ്ക്കുണ്ടാകുന്ന നഷ്ടം മോഹൻലാൽ പ്രതിഫലത്തിൽ നിന്നും കുറയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ‘നീരാളി’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും സന്തോഷ് ടി കുരുവിള വെളിപ്പെടുത്തി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് ടി കുരുവിള മനസുതുറന്നത്.
“നീരാളി സിനിമയുടെ ഷൂട്ടിങ്ങിന് ലാലേട്ടന്റെ കൂടെ ആകെ രണ്ട് സ്റ്റാഫേ ഉള്ളൂ, ഞാനുണ്ട്. ബാക്കി ആരുമില്ല. ബോംബേയിലാണ്, ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കും. ഒരു ഹോട്ടലിൽ തൊട്ടടുത്തുള്ള മുറിയിലാണ്. അന്നേരം സംസാരിക്കുമ്പോൾ പുള്ളിയുടെ വായിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. വലിയ ഹിറ്റ് പടങ്ങളൊക്കെ അതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവസാനം കണക്കുമായിട്ട് വരുമ്പോൾ ഒന്നും കാണത്തില്ല. നഷ്ടമായിരിക്കും. പുള്ളിക്ക് കൊടുക്കാനുള്ള ശമ്പളത്തിൽ അത് കുറയ്ക്കും.” സന്തോഷ് ടി കുരുവിള പറയുന്നു.
“ലാലേട്ടൻ ഒരു കലാകാരനാണ്, ഒരു കലാകാരൻ ഒരു കാരണവശാലും ഒരു കച്ചവടക്കാരനായി മാറാൻ ഒക്കത്തില്ല. കച്ചവടക്കാരൻ ആയാൽ അയാളുടെ കല അയാളിൽ നിന്ന് പോകും. ആന്റണി പെരുമ്പാവൂർ വന്നതിന് ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായത്. ഞാൻ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെടുന്നത്. അതിന് മുന്നേയുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല.” സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.
















