മഞ്ചേരിയിൽ സദാചാര പോലീസ് ചമഞ്ഞു യുവാവിനെ മർദിച്ചു കൊലപെടുത്തിയ കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മങ്കട കൂട്ടിൽ നസീർ ഹുസൈനെയാണ് (40) കൊലപെടുത്തിയത്.
സംഭവത്തിൽ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ മങ്കട കൂട്ടിൽ നായകത്ത് അബ്ദുൽനാസർ (40), സഹോദരൻ ഷറഫുദ്ദീൻ (33), പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ (34), പട്ടിക്കുത്ത് അബ്ദുൽഗഫൂർ (52), പട്ടിക്കുത്ത് സക്കീർ ഹുസൈൻ (43) എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്‌ച പ്രഖ്യാപിക്കും
ആറുമുതൽ എട്ടുവരെ പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (34), മുക്കിൽപീടിക പറമ്പാട്ട് മൻസൂർ (34), അമ്പലപ്പള്ളി അബ്ദുൽനാസർ (35) എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതേവിട്ടു.
2016 ജൂൺ 28-ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. മങ്കട കൂട്ടിലിലെ യുവതിയുടെ വീട്ടിലെത്തിയ നസീറിനെ, പരിസരവാസികളായ പ്രതികൾ അനാശാസ്യം ആരോപിച്ച് വടികളും പട്ടികയും ഉപയോഗിച്ച് സംഘംചേർന്ന് മർദിച്ചു കൊലപെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട നസീർ ഹുസൈന്റെ സഹോദരനായ മുഹമ്മദ് നവാസും രണ്ടാംസാക്ഷിയായ വീട്ടുടമയും ഉൾപ്പടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ കോടതി വിസ്തരിച്ചാണ് പ്രതികൾ കുറ്റകാരാണെന്ന് കണ്ടെത്തിയത്.
















