കന്നഡ ടെലിവിഷൻ താരം രശ്‌മി ലീല അന്തരിച്ചു. 37 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്നു താരം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് സറക്കി മഞ്ജു ആണ് വിയോഗവർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
അതിജീവനത്തിന്റെ കരുത്തുറ്റ പാഠങ്ങൾ ലോകത്തിന് പകർന്നുനൽകിയ താരത്തിന്റെ വിയോഗം കന്നഡ കലാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഏറെക്കാലമായി ശ്വാസകോശ രോഗങ്ങളോട് പൊരുതിയ രശ്മിയുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ കഠിനശ്രമങ്ങൾ ഒടുവിൽ വിഫലമാവുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗം രശ്മിയെ വേട്ടയാടുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന ‘പൾമണറി ഫൈബ്രോസിസ്’ എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ശ്വാസകോശ കോശങ്ങൾ നശിക്കുന്ന ഈ സാഹചര്യം രശ്മിയുടെ ജീവിതം ദുസഹമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് താരം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.
രശ്മിയുടെ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായപ്പോൾ കന്നഡ സിനിമാ-ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകർ ഒന്നടങ്കം സഹായഹസ്തവുമായി എത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപ സമാഹരിച്ചാണ് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ച് നടന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി താരം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
അതീവ വേദനകൾക്കിടയിലും പുഞ്ചിരിക്കുന്ന മുഖത്തോടെ സോഷ്യൽ മീഡിയയിൽ രശ്മി സജീവമായിരുന്നു. എഐ ഉപയോഗിച്ചുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ തുടർച്ചയായി നടി പങ്കുവയ്ക്കുമായിരുന്നു. ആശുപത്രി കിടക്കയിൽ നിന്നുള്ള രശ്മിയുടെ ചിത്രങ്ങളും വിഡിയോകളും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു. മരണം വരെ തളരാത്ത പോരാളിയായി രശ്മി നിലകൊണ്ടു.
അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനും ഈ ദമ്പതികൾ തങ്ങളുടെ ജീവിതം ഉപയോഗിച്ചിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന അന്ത്യകർമ്മങ്ങളിൽ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒരു യോദ്ധാവിനെപ്പോലെ പോരാടി മടങ്ങിയ രശ്മിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് കലാലോകം.
















