സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ 2’. ചിത്രത്തിന്റെ റിലീസിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, ആദിത്യ ധറിന്റെ ഉടമസ്ഥതയിലുള്ള ബി62 സ്റ്റുഡിയോസിനെ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രീകരണ വേളയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് അധികൃതരെ നയിച്ചത്.
ചിത്രീകരണത്തിനായി സെറ്റിൽ തീപ്പന്തങ്ങൾ ഉപയോഗിച്ചതാണ് പ്രധാന പ്രശ്നമായി മാറിയത്. ഇത് സംബന്ധിച്ച് ഒരു പ്രാദേശിക താമസക്കാരൻ നൽകിയ പരാതിയെത്തുടർന്ന് അധികൃതർ സെറ്റിലെത്തി താക്കീത് നൽകിയിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾ അവഗണിച്ച് പന്തങ്ങൾ ഉപയോഗിക്കുന്നത് വീണ്ടും തുടർന്നു. ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അഞ്ച് തീപ്പന്തങ്ങൾ പിടിച്ചെടുത്തു. തീ ഉപയോഗിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകിയതിന് ശേഷമാണ് ചിത്രീകരണത്തിന് അനുമതി വാങ്ങിയിരുന്നതെന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
ചട്ടലംഘനം നടത്തിയതിന് ബി62 സ്റ്റുഡിയോസിനും അപേക്ഷകരായ കോമൾ പോഖ്രിയാൽ, നസീർ ഖാൻ എന്നിവർക്കും ബിഎംസി കടുത്ത പിഴകൾ ചുമത്തിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കെട്ടിവെച്ചിരുന്ന 25,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കണ്ടുകെട്ടാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അധികൃതർ നിർദ്ദേശിച്ചു. ഇതിനുപുറമെയാണ് അപേക്ഷകരെയും നിർമ്മാണ കമ്പനിയെയും ഭാവിയിൽ ചിത്രീകരണാനുമതി ലഭിക്കുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ ബിഎംസിയുടെ നടപടിയെ ശക്തമായി പിന്തുണച്ച് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) രംഗത്തെത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ തൊഴിലാളികളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവനും സുരക്ഷയും യാതൊരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാവുന്നതല്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. നിർമ്മാണ കമ്പനികൾ പലപ്പോഴും നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളും അടിസ്ഥാനപരമായ മാനുഷിക സംരക്ഷണവും അവഗണിക്കുകയാണെന്ന് എഐസിഡബ്ല്യുഎ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത കുറ്റപ്പെടുത്തി.
“വർഷങ്ങളായി പല നിർമ്മാണ കമ്പനികളും നിർബന്ധിതമായ സുരക്ഷാ മാനദണ്ഡങ്ങൾ, നിയമപരമായ ചട്ടങ്ങൾ, ഷൂട്ടിംഗ് ലൊക്കേഷനുകളിലെ അടിസ്ഥാന മാനുഷിക സംരക്ഷണം എന്നിവ അവഗണിക്കുന്നതായി സംഘടന നിരന്തരം ഗൗരവമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം ഗുരുതരമായ അനാസ്ഥ കാരണം, ഓരോ വർഷവും നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും തീപിടുത്തം, വൈദ്യുത ആഘാതം, തകർന്നുവീഴുന്നതോ സുരക്ഷിതമല്ലാത്തതോ ആയ സെറ്റുകൾ എന്നിവ കാരണം മറ്റുള്ളവർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്യുന്നു. ഗോരേഗാവ് ഫിലിംസിറ്റിയിലും മറ്റ് സ്റ്റുഡിയോകളിലും തീപിടുത്തത്തിലും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിലും തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്ത സംഭവങ്ങൾ, സിനിമാ തൊഴിലാളികൾ നേരിടുന്ന അപകടങ്ങളുടെ വേദനാജനകമായ ഓർമ്മപ്പെടുത്തലുകളാണ്.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) ബി62 സ്റ്റുഡിയോകൾക്കെതിരെ സ്വീകരിച്ച നടപടികളെ AICWA ശക്തമായി പിന്തുണയ്ക്കുന്നു. ഇത്തരം കർശനമായ നടപടികൾ ആവശ്യമാണ്, കാരണം ഒരു നിർമ്മാണ കമ്പനിയും നിയമത്തിന് അതീതരല്ല. സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുമ്പോൾ, ആയിരക്കണക്കിന് തൊഴിലാളികളാണ് അപകടത്തിലാകുന്നത്. മുംബൈയിൽ മാത്രം, പ്രതിദിനം നൂറുകണക്കിന് ഷൂട്ടുകൾ നടക്കുന്നു, ഭൂരിഭാഗം നിർമ്മാണ കമ്പനികളും നിർബന്ധിതമായ നിയമപരവും സുരക്ഷാപരവുമായ ആവശ്യകതകൾ ശരിയായി പാലിക്കുന്നതിൽ പരാജയപ്പെടുന്നു.” AICWA കുറിപ്പിൽ വ്യക്തമാക്കി.
‘ധുരന്ധർ: ദി റിവഞ്ച്’ മാർച്ച് 19-ന് വലിയ രീതിയിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ കന്നഡ താരം യഷിന്റെ ടോക്സിക് എന്ന സിനിമയുമായാണ് ഈ ചിത്രം ഏറ്റുമുട്ടുന്നത്. എന്നാൽ റിലീസിന് തൊട്ടുമുൻപ് ഉണ്ടായ ഈ ബ്ലാക്ക്‌ലിസ്റ്റ് നടപടിയും വിവാദങ്ങളും ആദിത്യ ധറിന്റെ നിർമ്മാണ കമ്പനിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
















