നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണൻ. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പ്രതിഛായ’. ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്‌ലറും നടൻ മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. നിരവധി താരങ്ങൾ ആണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും താരങ്ങളെ കുറിച്ചും സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
’14 സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ചിത്രം 100 ദിവസത്തിൽ കൂടുതൽ ഷൂട്ട് ചെയ്യുന്നത്. അത് പ്രതിഛായ എന്ന ഈ സിനിമയാണ്. ഏഴായിരം പേർവരെ ഉൾപ്പെടുന്ന സീക്വൻസുകളും നിരവധി ലൊക്കേഷനുകളും ചിത്രത്തിലുണ്ട്. അതിൽ പല ലൊക്കേഷനുകളും ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ലൈംലൈറ്റിൽ വരാത്ത ഒരുപാടുപേർ ഒരു സിനിമയ്ക്ക് പിന്നിലുണ്ടാകും. അത്തരത്തിലുള്ള ആയിരക്കണക്കിനുപേർ ചേർന്നാണ് മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
2019-ൽ ഷാരിസ് മുഹമ്മദ് പറഞ്ഞ കഥയിലെ അത്രമേൽ വേട്ടയാടുന്ന ഒരു മുഹൂർത്തം. അതിനെ ആസ്പദമാക്കി ഞാൻ ഒന്ന് എഴുതിക്കോട്ടെ എന്ന് ഷാരിസിനോട് ചോദിച്ചു. അദ്ദേഹമത് സമ്മതിച്ചു. തിരക്കഥ വായിച്ചുകേട്ടപ്പോൾ നിങ്ങൾതന്നെ എഴുതിയാൽ മതി എന്നാണ് ഷാരിസ് പറഞ്ഞത്. 2019-നുശേഷം ഞാൻ പല വഴികളിലൂടെ പോയി. ആ വഴികളിലൊന്ന് നിവിൻ പോളിയുടെ വീട്ടിലേക്കുള്ളതായിരുന്നു. ആദ്യ ചർച്ചകൾക്കുശേഷം ഞാൻ എന്റെ മറ്റു സിനിമകളുമായി മുന്നോട്ടുപോയി. പിന്നീട് നിവിനോട് വീണ്ടും ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.
ഷാരിസ് മുഹമ്മദ്, മുഹമ്മദ് ഷാഫി, ദേവദത്ത് ഷാജി, സ്റ്റെഫി സേവ്യർ എന്നിവരാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർമാർ. പക്ഷേ ഈ തിരക്കഥാ രചനയുടെ പരിപൂർണ ഉത്തരവാദിത്തം എനിക്കാണ്. നിവിനുമൊത്ത് ആദ്യമായാണ് പ്രവർത്തിക്കുന്നത്. പല രംഗങ്ങളും അലസമായാണ് ചെയ്തതെന്ന് തോന്നും. പക്ഷേ ടേക്കെടുക്കുമ്പോൾ അയാൾക്കുള്ളൊരു മാജിക് ഉണ്ട്. ഇത്തരം മാജിക് കാണിക്കുന്ന ഗിരിശൃംഗം എന്നത് മോഹൻലാലാണ്. നിവിനും അങ്ങനെയൊരു കഴിവുണ്ട്. തന്റെ കഥാപാത്രം നിവിൻ ഗംഭീരമാക്കിയിട്ടുണ്ട്. ഷറഫുദ്ദീൻ ചോദിച്ചുവാങ്ങിയ വേഷമാണ്. സായികുമാർ, ഹരിശ്രീ അശോകൻ, സബിത, നീതു തുടങ്ങി എല്ലാവരും നന്നായി. ഒരു വേഷം ചെയ്യാമെന്ന് ആൻ അഗസ്റ്റിൻ സമ്മതിച്ചത് വലിയ കാര്യമാണ്.
വലിയ മുതൽമുടക്കുള്ള സിനിമയാണ്. ഇതിന്റെ 50 ശതമാനം എന്റെ ബാധ്യതയാണ്. ഞാൻ നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സിനിമയാണിത്. ഇതൊരു പ്രൊപ്പഗാണ്ട സിനിമയല്ല. ഇത്രയധികം കോടികൾ പലരോടും കടംവാങ്ങി പ്രൊപ്പഗാണ്ട നടത്താൻമാത്രം ഒരു രാഷ്ട്രീയകക്ഷികളുമായും ബഹുമാനമില്ലെന്ന് പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്. പക്ഷേ കേരള രാഷ്ട്രീയത്തിൽ എനിക്ക് പറയാൻ ആഗ്രഹമുള്ള ചില കാര്യങ്ങൾ ഞാൻ ഈ സിനിമയിൽ സംസാരിക്കുന്നുണ്ട്. കാരണം ഇന്ന് വ്യകിതികളില്ല പ്രതിഛായകൾ മാത്രമേയുള്ളൂ എന്ന് മൂന്നവസരങ്ങളിൽ ഈ സിനിമയിൽ പറയുന്നുണ്ട്; ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
















