ഓറഞ്ച് കഴിച്ചുകഴിഞ്ഞാൽ അതിന്റെ തൊലി കളയാക്കുകയാണ് പൊതുവെ ചെയ്യുന്നത്. ഇനി മുതൽ ഓറഞ്ചിന്റെ തൊലി കളയുന്നതിനു മുൻപ് ഈ കാര്യങ്ങൾ കൂടി അറിഞ്ഞോളൂ. ഇവ അറിഞ്ഞാൽ പിന്നെ നിങ്ങൾ ഓറഞ്ചിന്റെ തൊലി കളയുകയില്ല. കാരണം ഇവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്. ഓറഞ്ചിന്റെ തൊലി ശരീരത്തിന് വളരെ നല്ലതാണ്.
ഓറഞ്ചു തൊലിയിൽ വൈറ്റമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. ജലദോഷം, ചുമ, വൈറൽ അണുബാധകൾ ഇവയിൽ നിന്ന് സംരക്ഷണമേകാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളകറ്റാൻ ഇത് സഹായിക്കും.
ഓറഞ്ച് തൊലിയിലടങ്ങിയ നാരുകൾ (fibre) ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധം, വായുകോപം, ദഹനക്കേട് ഇവ അകറ്റുന്നു. ഓറഞ്ച് തൊലി പൊടിച്ചതും ഇതുപയോഗിച്ചുണ്ടാക്കുന്ന ചായയും പതിവായി ഉപയോഗിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്ന ഓറഞ്ച് തൊലി ഹൃദയാരോഗ്യം മെച്ചപ്പടുത്തും. ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നീർക്കെട്ടും സന്ധിവേദനയും അകറ്റാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഓറഞ്ച് തൊലിക്കു കഴിയും.
ഓറഞ്ച് തൊലിയിലടങ്ങിയ സംയുക്തങ്ങൾ അലർജികൾ അകറ്റാൻ സഹായിക്കും. തുമ്മൽ, ശ്വസനപ്രശ്നങ്ങൾ ഇവ അകറ്റാൻ ഓറഞ്ച് തൊലിക്ക് കഴിയും. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഓറഞ്ച് തൊലി സഹായിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാവധാനത്തിലാക്കാനും ഇത് സഹായിക്കും.
















