‘Don’t Miss a Beat’ ഒരു തുടിപ്പും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി ലോകം ഹൃദയ ദിനം ആചരിക്കുകയാണ്. എല്ലാ ഹൃദയമുള്ള മനുഷ്യരും ഈ ലോകത്തിന്റെ സൗന്ദര്യവും സംരക്ഷണയും സുഖദുഖങ്ങളും അറിഞ്ഞ് ആസ്വദിച്ച് ജീവിച്ച് മരിക്കണം. അതിനിടയില്‍ ഹൃദയം നിലച്ച് ഒരു മരണം ഉണ്ടാകാന്‍ പാടില്ല. ഹൃദയത്തിന് തകരാറുണ്ടെങ്കിലോ, ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യമായാലോ ചികിത്സ നടത്താന്‍ വൈകരുത്. ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗ ലക്ഷണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നമ്മള്‍ തയ്യാറായിരിക്കണം. ഹൃദയാഘാത മരണങ്ങള്‍ ഇപ്പോള്‍ കൂടി വരികയാണ്. 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നു.
വ്യായാമത്തിനിടയിലും കളികള്‍ക്കിടയിലും ഹൃദയം നിലച്ച് പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണങ്ങള്‍ വരെ സംഭവിക്കുന്നു. എന്താണ് ഇതിനു കാരണം. ജീവിത രീതിയാണോ. ഭക്ഷണമാണോ. അതോ കാലാവസ്ഥയില്‍, ലോകത്തുണ്ടായ മാറ്റമോ. എന്തായാലും വളരെ സൂക്ഷിച്ച് ജീവിക്കേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ വികാസത്തിനൊപ്പം രോഗങ്ങളും വികസിക്കുന്നുണ്ട്. ഏതുരോഗമായാലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ അത് മരണത്തിലേക്കുള്ള തുടക്കമായിരിക്കും. മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ ജീവിത ശൈലികള്‍ വരെ ഹൃദ്ദ്‌രോഗത്തിന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊ1ണ്ടു തന്നെ ലോകത്തെ എല്ലാ മനുഷ്യര്‍ക്കുമായി ഡോക്ടര്‍മാര്‍ നല്‍കുന്ന ഒരു സന്ദേശമുണ്ട്.
കടുത്ത മാനസിക സമ്മര്‍ദ്ദം, വ്യായാമമില്ലാത്ത ജീവിത ശൈലി, ദീര്‍ഘനേരത്തെ ജോലി, ഉറക്കമില്ലായ്മ എന്നിവയാണ് ഹൃദയാഘാത നിരക്ക് ഉയര്‍ത്തുന്ന പ്രധാന കാരണങ്ങള്‍. ഒറ്റപ്പെടലും തൊഴില്‍പരമായ ആശങ്കകളും ഇതിന്റെ ആഘാതം കൂട്ടുന്നു. കൂടാതെ ജീവിത ശൈലിയിലെയും ഭക്ഷണത്തിലെ തെറ്റായ രീതികളും കാരണമാകുന്നുണ്ട്. രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി എന്നിവയുടെ ഉയര്‍ന്ന നിരക്കും ഹൃദ്ദ് രോഗ സാധ്യത ഇരട്ടിയാക്കും. തുടര്‍ച്ചയായി കാബിന്‍ എയറിലും എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലും കഴിയുന്നതും നിര്‍ജ്ജലീകരണവും മറ്റൊരു ഘടകമാണ്.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആശുപത്രികളും ആരോഗ്യ മന്ത്രാലയങ്ങളും രാജ്യത്തും സംസ്ഥാനത്തും സൗജന്യ ഹൃദയാരോഗ്യ പരിശോധനകള്‍, വാക്കത്തോണുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വെച്ച് ആളുകളില്‍ കൃത്യമായ അവബോധം വളര്‍ത്താനാണ് ശ്രമിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണണമെന്നും നെഞ്ചുവേദനയെ ഗ്യാസിന്റെ പ്രശ്‌നമായി തള്ളിക്കളയരുതെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രധാന മുന്നറിയിപ്പ്. കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കുക, ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക, ഫാസ്റ്റ് ഫുഡും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കി പഴങ്ങളും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് ഹൃദയാരോഗ്യത്തിനായി പാലിക്കേണ്ട പ്രധാന ചിട്ടകള്‍. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതും രാത്രിയില്‍ കൃത്യമായ ഉറക്കം ഉറപ്പാക്കുന്നതും ഹൃദയാഘാത സാധ്യത വലിയ അളവില്‍ കുറയ്ക്കുമെന്നും വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
- ഹൃദയത്തിന്റെ പ്രവര്‍ത്തനം
മനുഷ്യ ശരീരത്തിലെ മുഴുവന്‍ കോശങ്ങളുടെയും നിലനില്‍പിന് ഏറ്റവും അത്യാവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും കോശങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നത് രക്തമാണ്. ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന ധര്‍മ്മം നിര്‍വഹിക്കുന്നത് ഹൃദയമാണ്. ജീവനുള്ള ചലനാത്മകമായ, കഠിനാധ്വാനം ചെയ്യുന്ന ദശലക്ഷ കണക്കിന് കോശങ്ങളുടെ സമൂഹമാണ് ഹൃദയം. മാനസികമായും ശാരീരികമായും നിങ്ങള്‍ ചെയ്യുന്ന എന്തായാലും നിങ്ങള്‍ ജീവിക്കുന്നടത്തോളം ഈ സുപ്രധാന അവയവം മുഴുവന്‍ സമയവും യാന്ത്രികമായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാവരുടെയും ഹൃദയം മിനിറ്റില്‍ 70 തവണ മിടിക്കുന്നു ദിവസവും 10000 തവണ അതായത് ശരാശരി മനുഷ്യായുസ്സില്‍ 2.5 ബില്യണ്‍ തവണ ഹൃദയമിടിക്കുന്നു.
ഹൃദയം നെഞ്ചിന്റെ ഏതാണ്ട് നാടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ഹൃദയത്തിനു നാല് അറകളുണ്ട്. മുകളില്‍ രണ്ടു ചെറിയ അറകളും ലെഫ്റ്റ് അട്രിയം റൈറ്റ് അട്രിയം, താഴെ രണ്ടു വലിയ അറകളും ലെഫ്റ്റ് വെന്‍ട്രിക്കിള്‍, റൈറ്റ് വെന്‍ട്രിക്കിള്‍. ഓക്‌സിജന്‍ കുറഞ്ഞ രക്തം റൈറ്റ് അട്രിയത്തിലേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് റൈറ്റ് വെന്‍ട്രിക്കിളിലേക്കും പിന്നീട് പള്‍മനറി ആര്‍ട്ടറി വഴി ഓക്‌സിജന്‍ സമ്പുഷ്ടമായ ശ്വാസകോശത്തിലേക്കു പമ്പ് ചെയ്യപ്പെടും. ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം പള്‍മനറി വെയിനുകള്‍ വഴി ലെഫ്റ്റ് അട്രിയത്തില്‍ പ്രവേശിക്കും അവിടെ നിന്ന് ഹൃദയത്തിന്റെ പ്രധാന പമ്പിങ് അറയായ ലെഫ്റ്റ് വെന്‍ട്രിക്കിളിലേക്ക് സഞ്ചരിക്കും. പിന്നീട് ലെഫ്റ്റ് വെന്‍ട്രിക്കിളിലുള്ള ശക്തമായ പേശികളുടെ സഹായത്തോടെ ഓര്‍ട്ട വഴി വിവിധ അവയവങ്ങളിലേക് രക്തം പമ്പ് ചെയ്യും.
കാര്‍ഡിയോളിജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഹൃദയഅറ ലെഫ്റ്റ് വെന്‍ട്രിക്കിള്‍ ആണ്. കാരണം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് ലെഫ്റ്റ് വെന്‍ട്രിക്കിളിലിനെയാണ്. രക്തം ഓര്‍ട്ടയില്‍ പ്രവേശിക്കുമ്പോള്‍ ഒരു ഭാഗം കൊറോണറി ധമനികളിലേക്ക് നീങ്ങുo. പ്രധാന കൊറോണറി ധമനി രണ്ടായി തിരിയുന്നു. The left circum flex artero (LCX) ഉം The left arterior descending artery (LAD). മറ്റൊരു പ്രധന ധമനി ആണ് Right coronary artery ( RCA ). എല്ലാ കൊറോണറി ധമനികള്‍ക്കും ശാഖാകള്‍ ഉണ്ട്. കൊറോണറി ധമനികളാണ് ഹൃദയ പേശികള്‍ക്ക് ആവശ്യത്തിനുള്ള രക്തവും ഓക്‌സിജനും നല്‍കുന്നത്. ഈ ധമനികളില്‍ രക്ത പ്രവാഹം 20-30 മിനിറ്റ് തടസപ്പെട്ടാല്‍ ഹൃദയ പേശികള്‍ മൃദുവാകും, അതായത് ഹൃദയാഘാതം സംഭവിക്കും. ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്ക് ആവശ്യമായ രകതം ലഭിക്കുകയില്ല. ശ്വാസകോശത്തില്‍ രകതം അടിഞ്ഞുകൂടുകയും ശ്വാസതടസം സംഭവിക്കുകയും ചെയ്യുന്നു.
- ഹൃദയം കാക്കാന്‍ വേണ്ടത് കരുതല്‍
! മരുന്നില്ലാതെ കൊളസ്ട്രോള്‍ കുറയ്ക്കാം
ഔഷധ സഹായം കൂടാതെ കര്‍ശനമായ ഭക്ഷണക്രമീകരണത്തിലൂടെ ഹൃദ്ദ്‌രോഗമുള്ളവരില്‍ അതിന്റെ കാഠിന്യം ഒരു പരിധിവരെ കുറയ്ക്കുകയും ഇല്ലാത്തവരില്‍ ഹൃദയാഘാതം വരാതെ കാത്ത് പരിപാലിക്കുകയും ചെയ്യുന്നു. കര്‍ശനമായ ഭക്ഷണ ക്രമീകരണത്തിലൂടെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയുന്നതിലുപരി കൊറോണറി ധമനികളിലെ ബ്ലോക്കുകള്‍ സ്റ്റബിലൈസ് ചെയ്യാന്‍ സാധിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കൊളസ്ട്രോളിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു. ഓട്സ്, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, പപ്പായ, ചക്ക, മാങ്ങ ഇവയിലെല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പരിപ്പ്, അണ്ടിപരിപ്പ്, ചോളം, റാഗി ഇങ്ങനെ നിരവധി ആഹാര പദാര്‍ത്ഥങ്ങളില്‍ പ്രകൃതിയുടെ നാരുകള്‍ സമൃദ്ധമായുണ്ട്.
!! വ്യായാമം ശീലമാക്കുക
വ്യായാമം കൊളസ്ട്രോള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമം നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെ നശിപ്പിക്കുകയും ചെയ്യുന്നു. നടക്കുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, തുഴയുക, തുടങ്ങിയ വ്യായാമങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗികള്‍ അമിതഭാരം ഉയര്‍ത്തിയുള്ള വ്യായാമങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സ്ഥിരമായി വ്യായാമം തുടങ്ങി ഏതാണ്ട് മൂന്ന് മാസംകൊണ്ട് കൊളസ്ട്രോളിന്റെ അളവ് കുറയുന്നതായി കാണാന്‍ സാധിക്കും.
!!! ഹൃദയചികിത്സ
ഹൃദയചികിത്സയുടെ പ്രധാന ഭാഗം ഔഷധങ്ങളെ അവഗണിക്കാതിരിക്കലാണ്. ആന്‍ജിയോ പ്ലാസ്റ്റിയും, ബൈപാസ് ശസ്ത്രക്രിയയും, സ്റ്റന്റിങ്ങും, സ്റ്റിച്ച് ട്രയലും ആണ് നിലവിലുള്ള പ്രധാന ഹൃദയ ചികിത്സകള്‍.
!!!! ഹൃദയ സൗഖ്യത്തിന് എളുപ്പവഴികള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇരുന്ന് ജോലിചെയ്യുന്നവര്‍ ഇടവേളകളില്‍ എഴുന്നേറ്റ് നടക്കുക. പുകവലി പാടെ ഉപേക്ഷിക്കുക. ഉപ്പ് പരമാവധി കുറയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക. പാലും പാലുല്‍പന്നങ്ങളും കുറയ്ക്കുക. ബീഫ്, മട്ടന്‍ തുടങ്ങിയ കൊഴുപ്പ് കൂടിയ മാംസങ്ങള്‍ കഴിവതും ഒഴിവാക്കുക. നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ചോക്കലേറ്റ്, ഐസ്‌ക്രീം, കേക്ക് തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രമേഹം വരാതെ നോക്കുക. വന്നു കഴിഞ്ഞാല്‍ കര്‍ശനമായി നിയന്ത്രിക്കുക. പ്രമേഹ രോഗികള്‍ക്ക് ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, തികട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. പാരമ്പര്യമായി ഹൃദ്രോഗം, കൊളസ്ട്രോള്‍, ബി.പി, പ്രമേഹം തുടങ്ങിയവ ഉള്ളവര്‍ ചിട്ടയായ ജീവിതശൈലി ശീലമാക്കുക. വ്യായാമം പതിവാക്കുക. അത്താഴത്തിന് ശേഷം നടത്തം ശീലമാക്കുക. ഉയരത്തിനനുസരിച്ച് ശരീരഭാരം ക്രമപ്പെടുത്തുക.
- ഹൃദയ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാം ?
ഹൃദയ രോഗത്തിനു ലക്ഷണങ്ങള്‍ പലതുണ്ട്. അതു തിരിച്ചറിയാനായാല്‍ ചികിത്സയും വേഗത്തിലാക്കാം. ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാനം. ശരീരം അകാരണമായി വിയര്‍ക്കുന്നത് ഹൃദ്രോഗലക്ഷണമാണ്. തണുപ്പുള്ളപ്പോള്‍ പോലും വിയര്‍ക്കുന്നത് ശ്രദ്ധിക്കണം. തലകറക്കം, ക്ഷീണം, ശ്വാസതടസം എന്നിവയുടെ ഫലമായുള്ള ദ്രുതഗതിയിലുള്ള, ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ പക്ഷാഘാതം വരെ സംഭവിച്ചേക്കാം. ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ ശരീരം ക്ഷീണിച്ച അവസ്ഥയിലായിരിക്കും. രക്തസമ്മര്‍ദം താഴുന്നതിനാല്‍ അവരുടെ ശരീരം വിറളിയിരിക്കും.
ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട വേദനകള്‍ നെഞ്ചിനെ മാത്രം കേന്ദ്രീകരിച്ചാവില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു വ്യാപിക്കാം. നെഞ്ചിന്റെ ഇടതോ വലതോ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വേദന കഴുത്തിലേക്കും താടിയിലേക്കുമെത്താം. എല്ലാ നെഞ്ചുവേദനയും ഹൃദയത്തില്‍ നിന്നല്ല. അതിനാല്‍, വേദന എവിടെയാണെന്ന് കൃത്യമായി മനസിലാക്കുക. വാരിയെല്ലിനു താഴെ നെഞ്ചിന്റെ ഇടതുഭാഗത്തിനോടു ചേര്‍ന്നോ മധ്യഭാഗത്തോ ഉണ്ടാകുന്ന വേദനകളാണ് ഹൃദയസംബന്ധമായത്. നെഞ്ചില്‍ ശക്തമായ ഭാരം വച്ചതുപോലെ തോന്നുകയോ സമ്മര്‍ദം അനുഭവപ്പെടുകയോ ചെയ്യുന്നതാണ് ലക്ഷണം. നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതകള്‍ തോന്നുക.
അതായത്, നെഞ്ചില്‍ എന്തെങ്കിലും ശക്തമായി അമര്‍ത്തുന്ന തോന്നലുണ്ടാകുക.ആസ്ത്മയോ ശ്വാസകോശ പ്രശ്നങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതാണ്. തലചുറ്റലും ഒരു ലക്ഷണമാണ്.വയറുവേദന, ദഹനക്കുറവ്, ഛര്‍ദി, ക്ഷീണം തുടങ്ങിയവ ഹൃദ്രോഗ ലക്ഷണമാകാം. എന്നാല്‍ ഈ രോഗ ലക്ഷണങ്ങളുള്ളവരെല്ലാം ഹൃദ്രോഗികളാണെന്നു അര്‍ത്ഥമില്ല. മറ്റു രോഗങ്ങളുടേയും ലക്ഷണം ഇതായി വരാം. ശാസ്ത്രീയമായ പരിശോധനയിലൂടെ അതു കണ്ടെത്താം.















