AI ഇംപാക്ട് ഉച്ചകോടിയിലെ റോബോഡോഗ് വിവാദത്തിൽ ക്ഷമാപണവുമായി ഗാൽഗോട്ടിയാസ് സർവകലാശാല. പവലിയനിൽ റോബോ ഡോഗിൻ്റെ ചുമതല ഉണ്ടായിരുന്ന ചെയ്ത പ്രതിനിധിയുടെ ഭാഗത്തുണ്ടായ പിശകെന്ന് സർവകലാശാലയുടെ വിശദീകരണം. സാങ്കേതിക വശങ്ങൾ അറിയാതെ പ്രതികരിച്ചു. ക്യാമറ കണ്ടപ്പോഴുണ്ടായ ആവേശത്തിൽ പ്രതിനിധി തെറ്റായ വിവരങ്ങൾ നൽകിയെന്ന് ഗാൽഗോട്ടിയാസ് സർവകലാശാല വിശദീകരിച്ചു. ആരുടെയും പേരെടുത്ത് പറയാതെയാണ് സർവകലാശാല വിശദീകരണം നൽകിയിരിക്കുന്നത്. റോബോ ഡോഗ് ചുമതല ഉണ്ടായിരുന്ന പ്രതിനിധിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരം നൽകിയിരുന്നില്ല എന്നും സർവകലാശാല പ്രതികരിച്ചു. ചൈനീസ് നിർമ്മിത റോബോഡോഗിനെ തദ്ദേശീയമായി നിർമ്മിച്ചതെന്ന സർവ്വകലാശാലയുടെ അവകാശവാദമാണ് വിവാദത്തിനിടയാക്കിയത്.
ഡൽഹിയിൽ നടക്കുന്ന AI ഇമ്പാക്ട് ഉച്ചകോടിയുടെ ഭാഗമായുള്ള എക്സ്പോയിൽ ആയിരുന്നു ഗാൽഗോട്ടിയാസ് സർവകലാശാലയുടെ വിവാദമായ റോബോഡോഗിന്റെ പ്രദർശനം. വിവാദത്തിന് പിന്നാലെ, സർവകലാശാല എക്സ്പോ വേദി ഒഴിഞ്ഞു. ചൈനീസ് നിർമിതമായ റോബോഡോഗ് സർവകലാശാലയിലെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്തത് എന്നായിരുന്നു അവകാശവാദം. സർവകലാശാല പ്രതിനിധിയുടെ വീഡിയോ വൈറലായതോടെ റോബോഡോഗ് ചൈനീസ് നിർമ്മിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയതോടെ വിവാദമായി.
Story Highlights : Galgotias University apologizes AI Impact Summit Robo Dog Controversy
















