ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ പാതിരാത്രിയിൽ വിജനമായ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കർശന നടപടി. പമ്പ-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ പൂവാർ ഡിപ്പോയിലെ ബസിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ. പ്രേമസുതനെ ശിക്ഷാനടപടിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്.
കെൽട്രോൺ ജീവനക്കാരായ 12 മാളികപ്പുറങ്ങളും ഒരു കൊച്ചുകുട്ടിയും ഉൾപ്പെട്ട സംഘത്തിനാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ദർശനത്തിനായി എത്തിയ സംഘം തങ്ങളുടെ വാൻ നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷമാണ് പമ്പയിലേക്ക് പോയത്. ദർശനം കഴിഞ്ഞ് രാത്രി മലയിറങ്ങിയ ഇവർ പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറുകയായിരുന്നു. തങ്ങൾ നിലയ്ക്കലിലാണ് ഇറങ്ങേണ്ടതെന്നും വാൻ അവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നതെന്നും ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ കണ്ടക്ടറെ അറിയിച്ചിരുന്നു.
എന്നാൽ ബസ് നിലയ്ക്കൽ എത്തിയപ്പോൾ നിർത്താൻ ജീവനക്കാർ തയ്യാറായില്ല. നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ബസ് കയറ്റില്ലെന്ന വാശിയിൽ തീർഥാടകരുടെ അഭ്യർത്ഥനകൾ അവഗണിച്ച ഡ്രൈവർ, ബേസ് ക്യാമ്പിൽ നിന്നും വാഹനങ്ങൾ പുറത്തേക്ക് വരുന്ന ഭാഗത്തുള്ള വനംവകുപ്പിന്റെ ഔട്ട്പോസ്റ്റിന് സമീപം ഇവരെ ഇറക്കിവിടുകയായിരുന്നു. രാത്രി 12 മണിയോടടുത്ത്, നടയടച്ച സമയമായതിനാൽ ഈ ഭാഗത്ത് പോലീസോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ വെളിച്ചമോ ഉണ്ടായിരുന്നില്ല. കൊടുംകാടിനോട് ചേർന്നുള്ള വിജനമായ പാതയിൽ സ്ത്രീകളെയും കുട്ടിയെയും ഇറക്കിവിട്ടത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.സംഭവം വാർത്തയായതോടെ വിഷയത്തിൽ ഗതാഗത മന്ത്രി ഇടപെടുകയും കെ.എസ്.ആർ.ടി.സി സി.എം.ഡിയോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തീർഥാടകരോട് മോശമായി പെരുമാറുന്നതും വഴിയിൽ ഇറക്കിവിടുന്നതും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
















