സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ കെജിഎംസിടിഎ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി ഡോക്ടർമാർ ബഹിഷ്കരിക്കും.
കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്നുപോരുന്ന ഒപി ബഹിഷ്കരണത്തിന് പിന്നാലെ ശസ്ത്രക്രിയകൾ കൂടി നിർത്തിവെക്കുന്നത് രോഗികളെ വല്ലാതെ ദുരിതത്തിലാക്കും. മാസങ്ങൾക്ക് മുൻപേ തീയതി നിശ്ചയിച്ച് ശസ്ത്രക്രിയക്കായി കാത്തിരുന്ന നൂറുകണക്കിന് രോഗികളാണ് ഇതോടെ വെട്ടിലായത്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് ഡോക്ടർമാരുടെ വലിയ രീതിയിലുള്ള ധർണ്ണയും നടക്കുന്നുണ്ട്.
സീനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി പിജി വിദ്യാർത്ഥികൾ കൂടി നാളെ മുതൽ പണിമുടക്കിലേക്ക് നീങ്ങുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കും. മെഡിക്കൽ കോളേജുകളിലെ ഒപി സേവനങ്ങൾ വലിയൊരു പരിധിവരെ കൈകാര്യം ചെയ്തിരുന്നത് പിജി ഡോക്ടർമാരായിരുന്നു. ഇവർ കൂടി നാളെ മുതൽ വിട്ടുനിൽക്കുന്നതോടെ ഒപി സംവിധാനം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും.
അതേസമയം, അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഇൻപേഷ്യന്റ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരും. സമരം പിൻവലിക്കണമെന്ന ആരോഗ്യ മന്ത്രിയുടെ അഭ്യർത്ഥന കെജിഎംസിടിഎ തള്ളിയതോടെ, സർക്കാർ നടത്തുന്ന അടുത്ത നീക്കങ്ങളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
















