സംസ്ഥാനത്തെ സ്കൂളുകളിൽ കെ-ടെറ്റ് (K-TET) യോഗ്യതയില്ലാത്തതിന്റെ പേരിൽ നിയമനാംഗീകാരവും ശമ്പളവും തടസ്സപ്പെട്ട അയ്യായിരക്കണക്കിന് അധ്യാപകർക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ തീരുമാനം പുറത്തുവന്നു. സുപ്രീം കോടതി വിധിപ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത നേടാമെന്ന വ്യവസ്ഥയിൽ ഇവർക്ക് താത്കാലിക നിയമനാംഗീകാരവും ശമ്പള സ്കെയിലിലുള്ള ആനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ-ടെറ്റ് യോഗ്യത നേടാൻ സുപ്രീം കോടതി രണ്ട് വർഷത്തെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും, അതുവരെ ശമ്പളമില്ലാതെ ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് ഈ നിർണായക തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി അധ്യാപകർ പ്രത്യേക സമ്മതപത്രം അഥവാ ബോണ്ട് എഴുതി നൽകേണ്ടതുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്തപക്ഷം തങ്ങളുടെ നിയമനാംഗീകാരം റദ്ദാക്കാമെന്നും, അതുവരെ കൈപ്പറ്റിയ ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും തിരിച്ചടയ്ക്കാമെന്നും അധ്യാപകർ ഈ ബോണ്ടിലൂടെ സമ്മതിക്കണം.
2025 സെപ്റ്റംബർ ഒന്നിന് മുൻപ് നിയമനം ലഭിച്ചവരും എന്നാൽ കെ-ടെറ്റ് ഇല്ലാത്തവരുമായ അധ്യാപകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കെ-ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ, പിഎച്ച്.ഡി എന്നിവയുള്ളവർക്കും ശമ്പള സ്കെയിലിൽ താത്കാലിക നിയമനാംഗീകാരം ലഭിക്കുന്നതാണ്.
















