കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഇന്ത്യന്‍ ആംഗ്യഭാഷാ ശില്‍പശാല ഫെബ്രുവരി 22 ന് സംഘടിപ്പിക്കും. ഫോര്‍ട്ട് കൊച്ചി ഡച്ച് വെയര്‍ഹൗസില്‍ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദര്‍ശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ മൈല്‍ഡ് ടൂത്ത് ഓഫ് മില്‍ക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാര്‍ദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവര്‍ നേതൃത്വം നല്‍കും.
ലേണ്‍ ഐഎസ്എല്‍ – കൊച്ചി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ശില്‍പശാല രാവിലെ 11 മുതല്‍ 12 വരെ നടക്കും. ശബ്ദങ്ങള്‍ക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വര്‍ക്ഷോപ് വിശദമാക്കും. സംഭാഷണങ്ങളിലൂടെ എങ്ങനെ സഹാനുഭൂതിയും സുരക്ഷിതത്വവും വളര്‍ത്താമെന്നും സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ആംഗ്യഭാഷയിലൂടെ എപ്രകാരം ലളിതമായി അവതരിപ്പിക്കാമെന്നും ശില്‍പശാല ചര്‍ച്ച ചെയ്യും.ബധിരര്‍ക്കും കേള്‍വിശേഷിയുള്ളവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ താല്പര്യമുള്ളവര്‍ക്ക് https://map-india.org/map-events/isl-walkthrough-mild-tooth-of-milk/ എന്ന ലിങ്കിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
തുടര്‍ന്ന് വൈകുന്നേരം 3 മുതല്‍ 4 വരെ ‘മൈല്‍ഡ് ടൂത്ത് ഓഫ് മില്‍ക്ക്’ പ്രദര്‍ശന പര്യടനവും സംഘടിപ്പിക്കും. ബധിരര്‍ നയിക്കുന്ന കലാസൃഷ്ടിയിലൂടെയുള്ള സവിശേഷമായ പര്യടനത്തില്‍ ഇന്ത്യന്‍ ആംഗ്യഭാഷയായിരിക്കും പ്രധാന വിനിമയ മാധ്യമം. പ്രദര്‍ശനത്തിലെ മൃദുവായ പരവതാനികള്‍, കളിമണ്‍ ശില്‍പങ്ങള്‍, വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ എന്നിവയുടെ ദൃശ്യഭംഗിയും സ്പര്‍ശനാനുഭൂതിയും ആസ്വദിക്കാനും ബധിര സമൂഹത്തിന്റെ കാഴ്ചപ്പാടിലൂടെ കലയെ അടുത്തറിയാനും പ്രദര്‍ശനത്തിലൂടെയുള്ള സഞ്ചാരം അവസരമൊരുക്കും. പരമ്പരാഗത പഠനരീതികളില്‍ നിന്നും മാറി തികച്ചും ലളിതവും രസകരവുമായ ഒരു അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 73568 42839, +91 70934 00864
















