ജീവിതത്തിൽ നേരിടേണ്ടി വന്ന ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളെ കുറിച്ച് മനസുതുറന്ന് തെന്നിന്ത്യൻ താരം റാണ ദഗ്ഗുബാട്ടി. വൃക്ക തകരാറും ശസ്ത്രക്രിയയും ഹൃദയ സംബന്ധമായ സങ്കീർണതകളും തന്‍റെ ജീവിതത്തെ എങ്ങിനെയെല്ലാം ബാധിച്ചുവെന്ന് അദ്ദേഹം റിയ ചക്രവർത്തിയുടെ ‘ചാപ്റ്റർ 2’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിച്ചു.
‘ആദ്യമായി രോഗവിവരം അറിഞ്ഞപ്പോൾ അത് വലിയൊരു ആഘാതമായിരുന്നു. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ. ഞാൻ ഇല്ലാതായേക്കാം എന്ന യാഥാർത്ഥ്യം ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒരു സുഹൃത്തോ ബന്ധുവോ സുഖമില്ലാതെ ഇരിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയാം, എന്നാൽ അത് നമുക്ക് തന്നെ സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല.
കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ശരീരത്തിൽ ആയിരുന്നു, തിരിച്ചു വരണമായിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, രോഗവും ചികിത്സയും മരുന്നുമെല്ലാം എന്റെ രൂപത്തിൽ നല്ല മാറ്റം വരുത്തിയിരുന്നു. ഇതുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
രൂപ മാറ്റത്തോടെ അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകിയിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉണ്ടായിരുന്നു, പക്ഷെ ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുക എല്ലാം തിരിക്കെ നൽകിയെന്ന് റാണ പറഞ്ഞു.
















