സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തീർത്തും താറുമാറായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വന്തം കാലിൽ നടന്നു മെഡിക്കൽ കോളജുകളിലേക്ക് ചികിത്സ തേടി പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് മടങ്ങേണ്ടി വരുന്ന ഭീതിദമായ അവസ്ഥയാണ് ഇന്നുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശസ്ത്രക്രിയകളിലുണ്ടാകുന്ന വീഴ്ചകൾ സിസ്റ്റത്തിന്റെ പ്രശ്നമാണെന്ന ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തെ ചെന്നിത്തല പരിഹസിച്ചു. സിസ്റ്റത്തിന്റെ തകരാറുകൾ പരിഹരിക്കാനാണ് മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരാജയങ്ങൾ സിസ്റ്റത്തിന് മേൽ കെട്ടിവെച്ച് മന്ത്രിക്ക് ഒഴിയാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സർക്കാർ നടത്തുന്ന നവകേരള സർവേ ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവിൽ വോട്ട് പിടിക്കാനുള്ള കുതന്ത്രമാണിത്. ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗം ചെയ്യുന്നത് അധികാര ദുർവിനിയോഗമാണെന്നും, ഇത്തരം ‘വൃത്തികേട്’ കാണിക്കുന്ന ഉദ്യോഗസ്ഥർ ഭാവിയിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ സർക്കാരിന് ദാസ്യവേല ചെയ്യുന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചാൽ നിഷ്പക്ഷമായ ഫലം എങ്ങനെ ഉണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയിരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. പ്രമുഖ അഭിഭാഷകൻ കെ.കെ. വേണുഗോപാലാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്. അദ്ദേഹത്തിന് നൽകേണ്ടി വരുന്ന ഭീമമായ തുക ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് നൽകുന്നത്. ഭരണഘടനാപരമായ തോന്നിവാസമാണ് സർക്കാർ കാട്ടിക്കൂട്ടുന്നതെന്നും അതിന്റെ സാമ്പത്തിക ബാധ്യത ജനങ്ങൾ വഹിക്കേണ്ടി വരുന്നത് കടുത്ത അനീതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
















