ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചില്ല. ക്രിമിനൽ നടപടിക്രമങ്ങൾ പ്രകാരം നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം നൽകിയത്.
കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചെങ്കിലും പത്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ദ്വാരപാലക ശില്പ കേസിൽ കൂടി പത്മകുമാറിനെ എസ്.ഐ.ടി പ്രതി ചേർത്തിട്ടുണ്ട്. നിലവിൽ ഈ കേസിൽ അദ്ദേഹം റിമാൻഡിലായതിനാലാണ് ജയിൽ മോചനം സാധ്യമാകാത്തത്.
















