ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ താൻ ഏർപ്പെടുത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കോടതി വിധി നിരാശാജനകമാണെന്നും എന്നാൽ പിന്തിരിയാൻ ഉദ്ദേശ്യമില്ലെന്നും പ്രഖ്യാപിച്ച അദ്ദേഹം, ബദൽ നിയമങ്ങൾ ഉപയോഗിച്ച് തീരുവകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെ അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കെതിരെ അസാധാരണമായ വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ജഡ്ജിമാർ ഭരണഘടനയോട് വിശ്വസ്തതയില്ലാത്തവരും രാഷ്ട്രീയ കളിപ്പാവകളുമാണെന്ന് അദ്ദേഹം പരിഹസിച്ചു. ജഡ്ജിമാർക്ക് ദേശസ്‌നേഹമില്ലെന്നും വിദേശ താല്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമുണ്ടെന്നും ട്രംപ് ആവർത്തിച്ചു.
















