സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയായി. പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ 8.97 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാപ്പിങ് കടമ്പകളും ഇരട്ടിപ്പുകൾ ഒഴിവാക്കാനുള്ള പരിശോധനകളും പിന്നിട്ട ശേഷമുള്ള അന്തിമ വോട്ടർപട്ടിക ശനിയാഴ്ച (ഫെബ്രുവരി 21) ഔദ്യോഗികമായി പ്രഖ്യാപിക്കും. മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് വോട്ടർമാരുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവുണ്ടാകാൻ പ്രധാന കാരണം.
പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയുടെ പകർപ്പുകൾ മണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വോട്ടർപട്ടികയാവും അടിസ്ഥാനരേഖയായി ഉപയോഗിക്കുക.
















