മഹിളാ കോൺഗ്രസ് നേതാവും 2021-ലെ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ആർ. രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ഇന്ന് രശ്മി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നത്.
മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി രശ്മി കടുത്ത അകൽച്ചയിലായിരുന്നു. സ്വന്തം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഇവർക്കുണ്ടായിരുന്നു. രശ്മി പാർട്ടി വിടുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരിട്ട് ഇടപെട്ട് അനുനയ ചർച്ചകൾ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം.
പാർട്ടിയിൽ തുടരുന്നതിനായി രണ്ട് പ്രധാന ഉപാധികളാണ് രശ്മി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുത്ത് തീർക്കണമെന്നതായിരുന്നു ആദ്യ ആവശ്യം. കൂടാതെ, വരാനിരിക്കുന്ന ഭരണമാറ്റത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഏതെങ്കിലും പ്രധാന ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ തനിക്ക് പ്രാതിനിധ്യം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ ഉപാധികൾ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. വ്യക്തമായ ഉറപ്പുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് കണ്ട് രശ്മി ബിജെപിയിലേക്ക് നീങ്ങുകയായിരുന്നു.
















