ശസ്ത്രക്രിയയ്ക്ക് പിന്നാലെ 14 വയസ്സുകാരന്റെ കൈ വളഞ്ഞുപോയ സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ എ. ഷാജി നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ചികിത്സാപ്പിഴവ് മൂലമാണ് കുട്ടിയുടെ കൈയ്ക്ക് വൈകല്യം സംഭവിച്ചതെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയ്ക്കിടെയാണ്, കൈ വളയുന്നത് സ്വാഭാവികമാണെന്നും അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദം സൂപ്രണ്ട് ഉയർത്തിയത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഇത്തരമൊരു നിലപാട് രോഗികളോടും അവരുടെ കുടുംബത്തോടുമുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ചികിത്സയിലെ വീഴ്ചയെ ന്യായീകരിക്കാൻ സ്വന്തം ശാരീരിക അവസ്ഥയെയാണ് സൂപ്രണ്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതിനെത്തുടർന്ന് എന്റെ കൈയും വളഞ്ഞിരിക്കുകയാണ്, അത് സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകണം,” എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം എടുത്ത എക്‌സ്-റേയിൽ എല്ലുകൾ കൃത്യമായിരുന്നെന്നും പിന്നീട് മാറ്റം സംഭവിച്ചതാകാമെന്നും അദ്ദേഹം വാദിച്ചു.
ആശുപത്രിയുടെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും പരിഹാസരൂപേണയുള്ള മറുപടിയാണ് സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായത്. മെഡിക്കൽ കോളേജുകളുടെ വികസനം ഒരു കുട്ടിയുടെ വളർച്ച പോലെയാണെന്നും, ജനിച്ച ഉടനെ ഒരു കുട്ടിയെ എം.ബി.ബി.എസിന് ചേർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഈ മെഡിക്കൽ കോളേജിനും അതിന്റെതായ വളർച്ചാഘട്ടങ്ങൾ ഉണ്ടെന്നുമാണ് അദ്ദേഹം ന്യായീകരിച്ചത്.
















