അഖിൽ സത്യൻ–നിവിൻ പോളി ചിത്രം ‘സർവം മായ’ കണ്ടതിന്റെ സന്തോഷത്തിലാണ് തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും. സിനിമയിൽ ‘ഡെലുലു’ എന്ന കഥാപാത്രമായെത്തിയ റിയ ഷിബുന്റെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടർന്ന് സൂര്യയും ജ്യോതികയും ഒരു ഗിഫ്റ്റ് ഹാംപർ നടിക്ക് അയച്ചിരുന്നു. ഇപ്പോഴിതാ നടൻ നിവിൻ പോളിക്കും സമ്മാനം നൽകിയിരിക്കുകയാണ് സൂര്യയും ജ്യോതികയും.
‘സർവം മായ’യുടെ വിജയത്തിൽ നിവിൻ പോളിക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. നിവിന്റെ പ്രകടനം വളരെ സ്പെഷ്യലാണെന്നും അനായാസമായാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കത്തിൽ പറയുന്നു. ആദ്യാവസാനം വരെ ചിത്രം വളരെ എൻഗേജിങ് ആയിരുന്നുവെന്നും ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരദമ്പതികൾ കത്തിൽ കുറിച്ചിട്ടുണ്ട്.
മുന്നോട്ടുള്ള യാത്രയിൽ ഇങ്ങനെ ഓർത്തിരിക്കാനുള്ള ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. “നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹ നിർഭരമായ പെരുമാറ്റത്തിന് വളരെ നന്ദി…”- എന്നാണ് ചിത്രത്തിനൊപ്പം നിവിൻ കുറിച്ചിരിക്കുന്നത്. റിയ ഷിബുവിനൊപ്പം ചിത്രത്തിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനും സൂര്യയും ജ്യോതികയും കത്തയിച്ചിരുന്നു.
തിയറ്ററിലും ഒടിടിയിലും ഒരുപോലെ ഹിറ്റായ സിനിമയാണ് ‘സർവം മായ’.‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയിൽ നിവിൻ പോളി, അജു വർഗീസ്, മധു വാരിയർ, പ്രീതി മുകുന്ദൻ, വിനീത്, റിയ ഷിബു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
















