വിവാദമായ കേരള സ്റ്റോറി 2-വിന്റെ ട്രെയിലറിൽ പ്രതികരണവുമായി സാമൂഹികപ്രവർത്തകയും പാച്ചുവും അത്ഭുതവിളക്കും ഡൊമിനിക് ആന്റ് ദി പേഴ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ശ്രദ്ധേയയായ വിജി വെങ്കടേഷ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
കേരള സ്റ്റോറി 2-നേക്കുറിച്ചുള്ള രസകരമായ റീലുകൾ കണ്ട് താൻ ചിരിച്ചുമരിച്ചുവെന്ന് വിജി കുറിച്ചു. അവരിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കിയെന്നും ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ല എന്നതാണ് അതെന്നുമാണ് വിജി കുറിച്ചത്.
ചിത്രത്തിലെ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ഏറെ വിവാദമായത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. ഇതും ട്രോളിന് കാരണമായി. ബീഫ് കഴിക്കുന്ന രംഗം ചെയ്യാൻ ആളെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും നിർബന്ധിക്കാതെ തന്നെ അത് കഴിക്കാം എന്നുമാണ് ഭൂരിഭാഗം കമന്റുകളും ട്രെയിലറിന് കീഴെ കമന്റ് ചെയ്തത്. ആദ്യഭാഗത്തെപ്പോലെ കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് രണ്ടാം ഭാഗവും ചെയ്യുന്നതെന്നും കമന്റുകളുണ്ട്.
‘പൊറോട്ട ഇല്ലാതെ എങ്ങനെയാണ് ബീഫ് കഴിക്കുക?’, ‘ഇവിടെ ആളുകൾക്ക് കഴിക്കാൻ തികയുന്നില്ല’, ‘ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം’, ‘ഇന്ത്യയിൽ രണ്ട് കേരളമുണ്ടോ എന്ന് സംശയം തോന്നുന്നു’, ‘ ഞങ്ങൾ മലയാളികളാരും വീട്ടിൽ ഹിന്ദി സംസാരിക്കാറില്ല’, ‘ബീഫ് കറിയുടെ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി കഴിക്കണം’, ‘ ഇതെഴുതിയവർ കേരളം കണ്ടിട്ടില്ലെന്ന് ഉറപ്പായി’ എന്നെല്ലാമായിരുന്നു മലയാളികളുടെ പ്രതികരണങ്ങൾ.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.
















