രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നീ യുവതികളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനുശേഷമാണ് സഹോദരിമാർ മരിച്ചത്.
ചടങ്ങിന് ശേഷം സഹോദരിമാർ ഉറങ്ങാൻ പോവുകയായിരുന്നു. രാവിലെ നാല് മണിയോടെയാണ് ഇരുവരെയും മുറിയിൽ അവശരായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ സ്കൂളിൽ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. യുവതികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്നും വീട്ടിലേക്ക് കൊണ്ടുവന്നു സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുമ്പോഴാണ് പൊലീസ് സംഘം എത്തിയത്.
തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
















