സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്‌രംഗി വിവാഹത്തട്ടിപ്പിന് ഇരയായി. വിവാഹ വാഗ്ദാനം നൽകി യുവതിയും സംഘവും ബിട്ടുവിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബിട്ടുവിന്റെ അയൽവാസിയുടെ ബന്ധുവായ ബണ്ടിയാണ് യുവതിയെ പരിചയപ്പെടുത്തി വിവാഹവാഗ്ദാനം നൽകി പണം തട്ടിയത്.
ഫരീദാബാദിലെ ഗാസിപുരിൽ പച്ചക്കറി വ്യാപാരിയായ ബിട്ടു തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അയൽവാസിയോടു പറഞ്ഞു. തുടർന്നാണ് ബന്ധുവായ ബണ്ടിയെ അയൽവാസി ബിട്ടുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. കുറച്ചുദിവസങ്ങൾക്കു ശേഷം ബണ്ടി, റാണി എന്ന സ്ത്രീയെ ബിട്ടു ബജ്റംഗിക്കു പരിചയപ്പെടുത്തി.
തുടർന്ന് ഇരുവരും ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ ബിട്ടുവിനു കൈമാറി. ഇതിൽ ഇഷ്ടപ്പെട്ട ഒരു യുവതിയുടെ ഫോട്ടോ ബണ്ടിക്ക് തിരിച്ച് അയച്ചുകൊടുത്തു. ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്.
2025 സെപ്റ്റംബർ 5 ന് ബണ്ടിയും റാണിയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്റംഗിയെ കാണാനെത്തി. തുടർന്ന് ഫെബ്രുവരി 7 ന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ ചെലവിനായി വധുവിന് വസ്ത്രങ്ങൾ വാങ്ങാൻ 30,000 രൂപയും ബണ്ടിക്ക് ബിട്ടു കൈമാറിയിരുന്നു. ഫെബ്രുവരി 7ന് ബിട്ടു ബജ്റംഗി വിവാഹ ഘോഷയാത്രയായി അലിഗഡിലെത്തിയപ്പോൾ വധുവിന്റെ വീട്ടിൽ ആരെയും കണ്ടില്ല.
ബണ്ടിയുടെയും റാണിയുടേയും മൊബൈലുകളും ഓഫായിരുന്നു. ബിട്ടുവിന്റെ പരാതിയിൽ ബണ്ടി, റാണി എന്നിവർക്കുനേരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
















