കുടുംബകലഹത്തെത്തുടർന്ന് കഗ്ഗലിപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കുല്ലഗൗഡന പാളയയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടു. 21 വയസ്സുകാരിയായ സിഞ്ചനയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രേണുകയ്യയ്ക്കായി (27) പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ഭാര്യയെ രേണുകയ്യയ്ക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകി. സംഭവദിവസം മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി രൂക്ഷമായ തർക്കത്തിലേർപ്പെട്ടു. വഴക്ക് മൂർച്ഛിച്ചതോടെ വീടിന് മുന്നിലുണ്ടായിരുന്ന വലിയ പാറക്കല്ല് എടുത്ത് രേണുകയ്യ സിഞ്ചനയുടെ തലയിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കൃത്യത്തിന് ശേഷം പ്രതി ഉടൻ തന്നെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഗ്ഗലിപുര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സിഞ്ചനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടാതെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.
















