പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തിനെതിരെ യൂട്യൂബിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ കെ.എം. ഷാജഹാന് കോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. തിരുവനന്തപുരം അഡീഷണൽ മുൻസിഫ് കോടതിയാണ് പിഴയും പലിശയും കോടതി ചെലവും നൽകാൻ ഉത്തരവിട്ടത്. വിധിക്കു പിന്നാലെ ഷാജഹാനെതിരെ രൂക്ഷവിമർശനവുമായി എഡിജിപി രംഗത്തെത്തി.
2021 മുതൽ തന്റെ പേരിൽ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് കെ.എം. ഷാജഹാൻ നിരന്തരം വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു. കോടതി തള്ളിക്കളഞ്ഞ കാര്യങ്ങൾ വീണ്ടും ഉന്നയിച്ച് വ്യക്തിഹത്യ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഷാജഹാന് സാധിച്ചിട്ടില്ലെന്നും, കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും എഡിജിപി ചൂണ്ടിക്കാട്ടി.
ഈ വ്യാജപ്രചാരണത്തിന് പിന്നിൽ പോലീസിന്റെ ശത്രുക്കളാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് എസ്. ശ്രീജിത്ത് വെളിപ്പെടുത്തി. തന്നെ ലക്ഷ്യമിട്ട് നിരന്തരം വീഡിയോകൾ ചെയ്യുന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. പോലീസിനോട് വിരോധമുള്ളവർ ഷാജഹാനെ കരുവാക്കുകയാണോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















