കരിക്ക് താരം നിലീൻ സാന്ദ്ര വിവാഹിതയാകാൻ ഒരുങ്ങുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് പ്രതിശ്രുത വരൻ. സന്തോഷ വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വരനൊപ്പമുളള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയ്ക്കൊപ്പമാണ് നിലീൻ വിവാഹ വാർത്ത പങ്കുവച്ചത്.
പ്രണയാർദ്രമായ കുറിപ്പും നിലീൻ വിഡിയോയ്ക്കൊപ്പം ചേർത്തു. നിലീൻ സാന്ദ്രയുടെ വാക്കുകൾ: ‘ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്.
2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല… വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്’’.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ നടിയാണ് നിലീൻ സാന്ദ്ര. നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും ലഭിച്ചു. ‘2018’ എന്ന ചിത്രത്തിലൂടെ നിലീൻ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. ചിത്രത്തിൽ നരേൻ അവതരിപ്പിച്ച മൽസ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീൻ എത്തിയത്.
















