തിരുവനന്തപുരം കാട്ടാക്കട മമല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ശ്വാസതടസ്സം നേരിട്ടതിന് ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. രണ്ടര വസയുകാരിയായ ഐഷാ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് പരാതി. കുടുംബത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയ്ക്ക് കുറച്ച് ദിവസമായി കണ്ണിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പനിയും ശ്വാസതടസവുമുണ്ടായപ്പോഴാണ് ഇന്ന് മമല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. ശ്വാസതടസ്സം നേരിട്ട കുട്ടിയ്ക്ക് രണ്ട് കുത്തിവയ്പ്പുകളാണ് ആശുപത്രിയില്‍ നിന്നെടുത്തത്. കുത്തിവയ്പ്പിന് ശേഷം കുഞ്ഞ് ബോധരഹിതയായി. കുഞ്ഞിന്റെ നില മോശമായെന്ന് പറഞ്ഞ് മമല്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ നെയ്യാര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.
എന്നാല്‍ ഈ വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മരിച്ചെന്നാണ് നെയ്യാര്‍ മെഡിസിറ്റി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു. രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടന്‍ തന്നെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകള്‍ കോടിയതായി തോന്നിയെന്നുമാണ് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് ആര്യനാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ.
Story Highlights : two year old girl died after injection medical negligence complaint
















