ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 12 വയസുകാരിയായ വിദ്യാർഥിനിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകർ ഉൾപ്പെടെ അഞ്ചു ജീവനക്കാർ അറസ്റ്റിൽ.
അധ്യാപകരായ ചന്ദൻ കുമാർ പ്രസ്റ്റി (37), ബിശ്വ രഞ്ജൻ സാഹു (31), രശ്മി കാന്ത ബിശ്വാൾ (47), മിനതി ബായ് (34), പ്യൂൺ രശ്മി രഞ്ജൻ റാണ (32) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് സഹായിച്ചെന്ന കുറ്റമാണ് അധ്യാപികയായ മിനതി ബായ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികൾ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തുടർച്ചയായി മകളെ ഉപദ്രവിച്ചുവെന്ന് കാട്ടി പെൺകുട്ടിയുടെ അമ്മ പൊലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിലെ 4, 6 വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















