ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സർക്കാർ എടുത്ത നടപടികളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്ത്രിയെ സർക്കാർ വേട്ടയാടിയെന്ന് സതീശൻ ആരോപിച്ചു. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല എന്നും സതീശൻ വിമർശിച്ചു. സിപിഐഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച് മന്ത്രിമാർ പറയുന്നത് നുണകളാണെന്നും നിയമമന്ത്രി വരെ കോടതിയെ വിമർശിക്കുകയാണ് എന്നും സതീശൻ വിമർശിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെയും സതീശൻ വിമർശിച്ചു. ഇത് ഡാറ്റ മോഷണമാണെന്നാണ് സതീശൻ ആരോപിച്ചത്. ജീവനക്കാരുടെ ഡാറ്റകൾ മോഷ്ടിച്ചതിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഡാറ്റ മോഷണത്തിന് പിന്നിലെന്നും സതീശൻ ആരോപിച്ചു. എന്തുപറഞ്ഞാലും വർഗീയതയോട് നോ കോംപ്രമൈസ് നയമാണ് തങ്ങൾക്കുള്ളതെന്നും സതീശൻ പറഞ്ഞു. ചിലർ കയ്യിൽ വോട്ടുബാങ്കുണ്ടെന്ന് പറയും. അങ്ങനെ ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗീയത പറയാൻ വരണ്ട എന്ന് തിരിച്ച് പറയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
















