പത്തനംതിട്ട കോന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.
അഭിജിത്ത് പെൺകുട്ടിയെ പ്രണയം നടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെയും കൊണ്ട് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയും കുട്ടി അറിയാതെ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ശേഷം ഈ വീഡിയോ സുഹൃത്തായ അനന്തുവിനെ അയച്ചു നൽകി.
അനന്തു ഇത് പെൺകുട്ടിയുടെ വാട്സാപ്പിൽ അയച്ചു കൊടുക്കുകയും തന്റെ കൂടെ വരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽനിന്നും അഭിജിത്തിനെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
















