ഫിലിംഫെയർ പുരസ്കാര നിശയിൽ ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഉർവശിയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടിക്ക് പുരസ്കാരം സമ്മാനിച്ചത് നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നടി ഉർവശിയോട് യൂട്യൂബേഴ്സ് ചോദിച്ചൊരു ചോദ്യവും അതിനു നടി നൽകിയ പക്വതയാർന്ന മറുപടിയുമാണ് സൈബറിടത്ത് ചർച്ചയാകുന്നത്.
ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷെ സന്തോഷത്തോടെ സ്വീകരിച്ചല്ലോ എന്നാണ് മീഡിയ ചോദിച്ചത്. അപക്വമായ ചോദ്യത്തിന് വളരെ പക്വതയോടെയുള്ള മറുപടിയാണ് നടി നൽകിയത്. ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ എല്ലാവരും അഭിനേതാക്കൾ അല്ലേ എന്നാണ് ഉർവശി ചോദിച്ചത്. അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്.
നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വാല്യുവുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം. അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും.
എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ എന്നായിരുന്നു ഉർവശിയുടെ മറുപടി. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഗൗരി നന്ദയും കമന്റിട്ട് പ്രതികരിച്ചിരുന്നു. വളച്ചൊടിച്ച് വാർത്ത ആക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി എന്നായിരുന്നു ഗൗരി നന്ദയുടെ പ്രതികരണം. വീഡിയോ കാര്യമാക്കി എടുക്കേണ്ട.
ആ ചോദ്യം ചോദിച്ചാലേ അവന് അരി മേടിക്കാൻ പറ്റുകയുള്ളൂ. ഗൗരി ആ രീതിയിൽ ഈ വീഡിയോയെ കണ്ടാൽ മതി, ഇത്തരം വീഡിയോകളെ അവഗണിച്ച് കളയൂ. ചേച്ചി മികച്ച ഒരു നടി തന്നെയാണ്. ഇപ്പോഴത്തെ മീഡിയ മനുഷ്യന്റെ പച്ച ഇറച്ചി തിന്നുന്ന കഴുകന്മാരാണ് എന്നാണ് ഗൗരി നന്ദയെ ആശ്വസിപ്പിച്ച് ആളുകൾ കുറിച്ചത്.
ചോദ്യം ഉർവശിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് വ്യക്തമാണെന്നും എന്നിട്ടും ദേഷ്യം കടിച്ചമർത്തി പക്വതയോടെ മറുപടി പറഞ്ഞതിന് നടിയെ പ്രശംസിച്ചും നിരവധി ആളുകൾ എത്തി. നല്ല തെറി പറയാൻ വന്നിട്ട് പിടിച്ച് നിന്ന് ഡിപ്ലോമസി കാണിച്ച ഉർവശി ചേച്ചിക്ക് നൂറ് മാർക്ക്, മീഡിയക്കാരൻ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കിയതാ പക്ഷെ നടന്നില്ല, ഗൗരി നന്ദ അയ്യപ്പനും കോശിയും എന്ന സിനിമയിൽ നായകനെ സൈഡ് ആക്കിയ പെർഫോമെൻസ് കാഴ്ചവെച്ച നടിയാണ്.
മീഡിയ ചേട്ടൻ കണ്ടില്ലയോ ഇതൊന്നും?. ക്യാമറയും തൂക്കി നടക്കുന്ന വകതിരിവില്ലാത്തവൻ, സത്യം പറഞ്ഞാൽ ആർട്ടിസ്റ്റുകളുടെ കയ്യിലും ക്യാമറ കൊടുക്കണം. ആരൊക്കെയാണ് ഇതുപോലുള്ള വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കുന്നത് അവന്മാരുടെ ഫോട്ടോസ് സഹിതം പോസ്റ്റ് ചെയ്യണം എന്നിങ്ങനെയായിരുന്നു ഉർവശിയേയും ഗൗരി നന്ദയേയും അനുകൂലിച്ച് വന്ന കമന്റുകൾ.
എറണാകുളം സ്വദേശിനിയായ ഗൗരി നന്ദ പന്ത്രണ്ട് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ്. 2010ൽ കന്യാകുമാരി എക്‌സ്‌പ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സുരേഷ് ഗോപിയായിരുന്നു നായകൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. ലോഹം, കനൽ എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പവും അഭിനയിച്ചു.
















