മലയാളികളുടെ ഇഷ്ടതാരമായ പേളി മാണിക്കൊപ്പം കൊച്ചി കറങ്ങി ബോളിവുഡ് താരം സന്യ മൽഹോത്ര. കൊച്ചിയിൽ ഒരു അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സന്യ. അവാർഡ് നിശയിൽ പങ്കെടുത്തതിനുശേഷം സന്യ നേരെയെത്തിയത് തന്റെ ഉറ്റ ചങ്ങാതി പേളിയെ കാണാനാണ്. അനുരാഗ് ബസുവിന്റെ ‘ലുഡോ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചവരാണ് സന്യ മൽഹോത്രയും പേളി മാണിയും. ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘‘അതിമനോഹരമായ ഒരു ഞായറാഴ്ചയായിരുന്നു ഇത് … പ്രിയപ്പെട്ടവളും പ്രതിഭാശാലിയുമായ സന്യ മൽഹോത്രയ്ക്കൊപ്പം. ‘ദംഗൽ’ മുതൽ ഞാൻ അവരുടെ ആരാധകയാണ്, അവർ ഒരു വലിയ പ്രചോദനം കൂടിയാണ്. ‘ലുഡോ’യുടെ സെറ്റുകൾ മുതൽ കേരളത്തിലെ തെരുവുകൾ വരെ… ഒരു കാര്യം മാത്രം മാറിയില്ല… ആ പൊട്ടിച്ചിരിയും ചുരുളൻ മുടിയും!’’–സന്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് പേളി കുറിച്ചു.

‘‘എന്റെ പ്രിയപ്പെട്ട പേളൂ, ഞങ്ങൾക്ക് ആതിഥേയത്വം അരുളിയതിന് ഒരുപാട് നന്ദി. നീ ക്യൂട്ടും, രസിപ്പിക്കുന്നവളും എല്ലാവരേക്കാളും മികച്ചവളുമാണ്.’’–മറുപടിയായി സന്യ കുറിച്ചു.

‘ദംഗൽ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച ബോളിവുഡ് താരമാണ് സന്യ മൽഹോത്ര. ‘ബദായ് ഹോ’, ‘ഫോട്ടോഗ്രാഫ്’, ‘ലുഡോ’, ‘ജവാൻ’ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു സന്യ നടത്തിയത്.
ആദ്യമായി കേരളത്തിൽ എത്തിയതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ സന്യ പങ്കുവച്ചിരുന്നു. ‘‘ആദ്യമായാണ് കേരളത്തിലെത്തുന്നത്. എനിക്ക് ഇവിടെനിന്ന് തിരിച്ചുപോകാൻ തോന്നുന്നില്ല. വളരെ മനോഹരം. ശാന്തമായ ഇടം,’’ എന്നാണ് കേരള സന്ദർശനത്തെ കുറിച്ച് സന്യ കുറിച്ചത്.
















