കൊച്ചി: എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ യുവതിയോടൊപ്പം സിസിടിവിയിൽ കണ്ട ഷാജി എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതി കുറ്റം സമ്മതിച്ചു.
ഇയാൾ കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതിൽ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വിവരം. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം.ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് സുധയുടെ കുടുംബവുമായി വർഷങ്ങളായി അടുപ്പമുണ്ട്. എന്നാൽ അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് വിവരം. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്ന് പുലർച്ചെ നാലരയോടെ വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനോട് ചേർന്ന് യുവതിയുടെ മൃതശരീരം ആദ്യം കാണുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ മുഖത്ത് അടിച്ചതിന്റെ പാടുകളും ശരീരത്തിൽ രക്തക്കറയും കണ്ടതോടെ കൊലപാതകം എന്ന സംശയമായി. മാത്രമല്ല എറണാകുളം കോട്ടയം ട്രാക്കിന്റെ സർവ്വീസ് ഇല്ലാത്ത ഉപയോഗിക്കാതെ കിടക്കുന്ന പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊലപാതകത്തിനുള്ള സാധ്യത പൊലീസ് ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ടെത്തിയ മൊബൈൽ ഫോണിന്‍റെ സിം വിശദാംശങ്ങൾ കോട്ടയം സ്വദേശി സുധാ ബേബി എന്ന യുവതിയിലേക്ക് പൊലീസിനെ എത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാജി പിടിയിലായത്.
















