താരസംഘടന അമ്മയിൽ വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അടിയന്തിരമായി എക്സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. കൃത്യം മൂന്ന് മണിക്ക് ആരംഭിച്ച യോഗം മുന്നു മണിക്കൂറോളം ഓൺലെെനായി നീണ്ടു. കുടുംബസംഗമം നടന്ന സമയത്ത് ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലുണ്ടായ പ്രശ്നങ്ങളും മറ്റ് സ്പോൺസർഷിപ്പ് തർക്കങ്ങളുമാണ് ഇത്തരമൊരു അടിയന്തിര യോഗം ചേർന്നത്. പതിനേഴ് അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഒരു ഓഡിയോ മെസ്സേജ് അയച്ചിരുന്നു. ആ ഓഡിയോ ക്ലിപ്പ് ചോരുകയും ചെയ്തു. അത് പിന്നീട് വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ അതേസമയം കുക്കു പരമേശ്വരൻ അയച്ച ഓഡിയോ ഒരു മാധ്യമത്തിന് മാത്രം ചോർന്നുകിട്ടുകയും ചെയ്തിരുന്നു.
അടിയന്തിര യോഗത്തിൽ ഏകദേശം എല്ലാ അംഗങ്ങളും പങ്കെടുത്തിരുന്നു. എന്നാൽ ഇത് വലിയ വിവാദങ്ങൾ ചർച്ചചെയ്യുന്ന യോഗത്തിൽ പ്രസിഡന്റ് വളരെ കുറച്ചുനേരം മാത്രം വന്നുപോകുകയാണ് ചെയ്തത്. മറ്റ് പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണ് പൂർണമായും യോഗത്തിൽ ഇരിക്കാൻ സാധിക്കാത്തതെന്ന് അറിയിച്ചിരുന്നു എന്ന് പറയുന്നുണ്ട്. അതേസമയം താൻ ഉപയോഗിച്ച ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ അത് തന്റെ ചില അനുഭവങ്ങൾകൊണ്ടുണ്ടായ വികാരമാണെന്നും താൻ അനുഭവിച്ചതൊക്കെ എല്ലാവരും അറിയണമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. പിന്നീട് കുടുംബസംഗമത്തിൽ ഡാൻസ് പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെല്ലാം വിശദീകരിച്ചു.
കുടുംബസംഗമത്തിൽ പരിപാടിക്കിടെ ഒരു നടിയെ പൂട്ടിയിട്ട സംഭവമുണ്ടായിരുന്നു. ലക്ഷ്മിപ്രിയ മുന്നിൽ നിന്ന് നടത്തിയ അമ്മമാരുടെ പരിപാടിയിൽ കേറേണ്ടിയിരുന്ന ഒരു നടിയെ നീന കുറുപ്പ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ അംഗങ്ങൾക്കിടയിൽ ഇത് വലിയ മാനസികസംഘർഷമാണ് ഉണ്ടാക്കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആ നടി കരഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് ഓഡിയോയും ഫോട്ടോയും അയച്ചെന്ന് പറയപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചതോടെയാണ് അത്തരം പറയാൻ പാടില്ലാത്ത കാര്യങ്ങൾ തന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ക്ഷമ പറയാൻ തയ്യാറാണെന്നും ലക്ഷ്മിപ്രിയ പറയുകയുണ്ടായി എന്നു പറയുന്നു. എന്നാൽ അതേസമയം നീന കുറുപ്പും ക്ഷമ പറയണമെന്ന ആവശ്യവും ഉയർന്നു, പക്ഷെ അതിലേക്ക് ചർച്ചകൾ നീണ്ടില്ല എന്നാണ് ലഭിച്ച വിവരം. പബ്ലിക് ആയി ലക്ഷ്മിപ്രിയ ക്ഷമ പറയണം എന്ന ആവശ്യമുയർന്നിരുന്നു, എന്നാൽ താൻ ഓഡിയോ അയച്ചത് 17 പേരുള്ള വാട്സാപ്പ് ഗ്രൂപ്പിലാണെന്നും, പബ്ലിക്കിലല്ല എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ലക്ഷ്മിപ്രിയയെ പുറത്താക്കുക എന്നൊരു അജണ്ടയുണ്ടായിരുന്നെന്നാണ് സൂചന, അതിനായി തലേദിവസം ചിലർമാത്രം ഒരു യോഗം ചേർന്നെന്നും സൂചനയുണ്ട്. എന്നാൽ അത് എതിർത്തുകൊണ്ട് കെെലാഷ്, സരയു, സിജോയ് മാത്യൂ, ടിനി ടോം ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. പബ്ലിക് ആയി മാപ്പ് പറയണമെന്ന ആവശ്യത്തിന് പാലാരിവട്ടത്തോ, ദേശാഭിമാനി ജങ്ഷനിൽ പോയിനിന്ന് മാപ്പ് പറയണോ എന്നാണ് കെെലാഷ് ചോദിച്ചത്. അതിനവർക്ക് മറുപടിയില്ലായിരുന്നു.
ഓഡിയോ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ട് വന്നെങ്കിലും അതിന് വേണ്ടത്ര പരിഗണന യോഗത്തിൽ ലഭിച്ചില്ല എന്നതാണ് വിവരം. കാരണം തനിക്ക് ഇതിനെപ്പറ്റി ചിലത് അറിയാമെന്നും, അന്വേഷിക്കാമെന്നും ടിനി ടോം പറഞ്ഞപ്പോൾ വളരെ തണുത്ത മട്ടിലാണ് അന്വേഷണം നടത്താമെന്ന് സെക്രട്ട്രറി പറഞ്ഞത്. അതിനിടെ ലക്ഷ്മിപ്രിയ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ചില വാക്കുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരം നടന്നിരുന്നു. ഇത്തരം അൺപാർലമെന്ററിയായിട്ടുള്ള വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് മുതിർന്ന അംഗം പറഞ്ഞപ്പോൾ തനിക്ക് പറഞ്ഞേപറ്റു എന്നും കേൾക്കാൻ താൽപര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്രമുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം മുൻപ് പ്രസിഡന്റും ഇത്തരം അൺപാർലമെന്ററി വാക്കുകൾ യോഗത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്റിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടാണ് യോഗം മുന്നോട്ട് പോയതെന്നും സിജോയ് പറഞ്ഞു. ഈ സംഭവത്തിൽ ജോയ് മാത്യുവും ടിനി ടോമും തമ്മിൽ വാക്പോര് ഉണ്ടെയന്നും വിവരം ലഭിച്ചിട്ടുണ്ട്.
കൂടാതെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഓൺലി ആയി പൂട്ടിയത് ശരിയായ നിലപാടല്ലെന്നും സരയു യോഗത്തിൽ പറയുകയുണ്ടായി. കൂടാതെ ലക്ഷ്മിപ്രിയ മാപ്പ്പറയുന്നതുമായ വിഷയം ചർച്ചചെയ്യാനായി ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആശ അരവിന്ദ്, സന്തോഷ് കീഴാറ്റൂർ, ബിജു പപ്പൻ, കുക്കു പരമേശ്വരൻ, കുഞ്ചൻ ഒപ്പം സംഘടനയിലെ അഡ്വോക്കേറ്റുമാരുമാണ് കമ്മിറ്റിയിൽ ഉള്ളത്. പുതിയ അധികാരം നിലവിൽ വന്നതുമുതലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചചെയ്യാൻ കൂടിയാണ് ഈ കമ്മിറ്റി എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു. അതേസമയം നീന കുറുപ്പിനൊപ്പം നിൽക്കുന്ന ആളുകളാണ് കമ്മിറ്റിയിൽ എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടാണ് ഈ കമ്മിറ്റിയംഗങ്ങളെ നേരത്തെതന്നെ തീരുമാനിച്ചിട്ടാണ് യോഗത്തിന് വന്നതെന്ന ആരോപണമുയരുന്നത്.
















