ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ സൗത്ത് പുരസ്‌കാരം അടുത്തിടെ ഉർവ്വശിക്ക് ലഭിച്ചിരുന്നു. നടന്‍ ഇന്ദ്രജിത്തും നടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കിയത്. എന്നാൽ ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള യോഗ്യത ഗൗരി നന്ദയ്ക്കില്ലെന്നുപറഞ്ഞ് വലിയ വിവാദമായിരുന്നു. എന്നാൽ ഗൗരി പുരസ്ക്കാരം നൽകിയത് മാത്രം എന്തുകൊണ്ട് ആളുകൾ പ്രശ്നമാക്കിയെന്നും, ഇന്ദ്രജിത്തിന്റെ പേര് എന്തുകൊണ്ട് വന്നില്ല എന്നും ഉർവ്വശി ചോദിച്ചു. എൽ ജഗദമ്മ ഏഴാം ക്ലാസ്സ് ബി എന്ന ചിത്രത്തിന്റെ റീ റിലീസിന്റെ ഭാഗമായി വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് ഉർവ്വശി ഇതേക്കുറിച്ച് സംസാരിച്ചത്.
‘അത്തരമൊരു ചോദ്യം ചോദിച്ചയാളെ എനിക്കറിയണം. ഇനി ആ കുട്ടി ഒരു സിനിമയിൽ മാവോയിസ്റ്റ് ആയി അഭിനയിച്ചതുകൊണ്ടാണോ ആളുകൾക്ക് ഇത്ര പ്രശ്നം. മുൻപ് ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിട്ടും എനിക്ക് അവാർഡ് നൽകിയത് കുഞ്ചാക്കോ ബോബനാണ്. തൊട്ടടുത്ത് ഷീലാമ്മയ്ക്ക് അവാർഡ് നൽകിയപ്പോൾ മമ്മൂട്ടി വേദിയിലേക്ക് കേറി വന്നു. എന്നെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ സമ്മതിക്കുകയും ചെയ്തില്ല, കാരണം എന്റെ സാന്നിധ്യം അവിടെ വേണമായിരുന്നു. എനിക്ക് അവാർഡ് നൽകാൻ പറ്റാത്ത രീതിയിൽ മമ്മൂട്ടിക്കും മോഹൻലാലിനും എന്തെങ്കിലും മാനക്കേട് ഉണ്ടെങ്കിൽ, ഗൗരിയെ പോലെ ഒരാളുടെ കെെയ്യിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്ക് ഒരു മാനക്കേടും ഇല്ല, അതാണ് ഉർവ്വശി. ആര് അവാർഡ് തന്നു എന്നതിനപ്പുറം എനിക്ക് കിട്ടിയ അവാർഡ് ഫിലിം ഫെയർ ആണ്, അതാണ് പ്രാധാന്യം.
അതുപോലെത്തന്നെ മാധ്യമപ്രവർത്തകർക്കിടയിൽനിന്നും ഇത്തരം ചോദ്യങ്ങൾ എന്തിന് വരുന്നു എന്നുള്ളതും ഒരു പ്രശ്നമാണ്. പക്ഷപാതപരമായ അത്തരം ചോദ്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുമില്ല. എല്ലാ കാലത്തും എന്നെ കുത്തിനോവിക്കുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ ഞാൻ സന്തോഷമായിട്ടേ ഇരുന്നിട്ടുള്ളു. എന്റെ വ്യക്തിത്വം വേറെയാണ്.
















