മലപ്പുറം അരീക്കോട് അഞ്ചും ആറും പതിനൊന്നും വയസ്സുള്ള മൂന്ന് കുട്ടികളെയാണ് രണ്ടാനമ്മ ക്രൂരമായി മർദ്ദിക്കുകയും ചട്ടുകം പഴുപ്പിച്ച് ശരീരമാസകലം പൊള്ളിക്കുകയും ചെയ്തു.സംഭവത്തിൽ കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്
ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ കുട്ടികളെ ദീർഘനാളായി പട്ടിണിക്കിടുകയാണെന്നും വീട്ടിൽ നിരന്തരം മർദ്ദനത്തിന് ഇരയാക്കുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ ശരീരത്തിലെ മുറിവുകൾ കണ്ടെത്തിയത്.
കുട്ടികളുടെ ശരീരത്തിൽ പലയിടത്തും ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതിന്റെ ആഴത്തിലുള്ള പാടുകളുണ്ട്.മർദ്ദന വിവരം പുറത്തുപറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. സ്വന്തം മക്കൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും അത് തടയാൻ ശ്രമിക്കാത്തതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനുമാണ് പിതാവിനെതിരെയും പോലീസ് നടപടിയെടുത്തത്.
















