സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്തായിരുന്നു അപകടം.
ഹോത്ത ബനീ തമീമിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് തീർഥാടക സംഘം യാത്ര തിരിച്ചത്. യാത്രയ്ക്കിടെ ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ, യാത്ര തുടർന്ന് മഹ്‌ലൂമിയയിൽ എത്തിയപ്പോൾ ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ ഷീബയും ഇസ്മാഈലും പുറത്തേക്ക് തെറിച്ചുപോവുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നതിനാൽ വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി.
















