ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള യുദ്ധഭീതിയായി പടരുന്നതിനിടെ, സൗദി അറേബ്യയെ ലക്ഷ്യമിട്ടുണ്ടായ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പരാജയപ്പെടുത്തി സൗദി അറേബ്യൻ പ്രതിരോധ സേന. അതിനൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രുരാജ്യത്തിന്റെ നീക്കങ്ങളെ ആകാശത്ത് വെച്ച് തന്നെ സൗദി നിഷ്പ്രഭമാക്കി.
തലസ്ഥാനമായ റിയാദ്, എണ്ണസമ്പന്നമായ കിഴക്കൻ പ്രവിശ്യ, അതിർത്തി നഗരമായ ജിസാൻ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം ഉണ്ടായത്. എന്നാൽ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളായ പാട്രിയറ്റ്, താഡ് എന്നിവ പ്രയോഗിച്ച് മിസൈലുകളെയും ഡ്രോണുകളെയും ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തന്നെ തകർക്കാൻ സൗദി സൈന്യത്തിന് സാധിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് നേരെയുള്ള വലിയൊരു വെല്ലുവിളിയാണ് ഇതോടെ ഒഴിവായിരിക്കുന്നത്.
സൗദിയുടെ സാമ്പത്തിക നട്ടെല്ലായ എണ്ണ ഉൽപാദന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസൈലുകൾ തൊടുത്തുവിട്ടത്. എന്നാൽ കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെയും സാങ്കേതിക മികവിന്റെയും അടിസ്ഥാനത്തിൽ സൗദി വ്യോമ പ്രതിരോധ സേന ഇവയെല്ലാം ആകാശത്ത് വെച്ച് തന്നെ വെടിവെച്ചിട്ടു. മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത മേഖലകളിൽ പതിച്ചതൊഴിച്ചാൽ മറ്റ് ജീവഹാനിയോ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
















