സംശയമെന്ന മാരകരോഗവും ലഹരിയുടെ അടിമത്തവും ഇന്ന് നമ്മുടെ നാടിനെ ഒരു കുരുതിക്കളമാക്കുകയാണ്. ഇവ രണ്ടും ഒരു മനുഷ്യനിൽ ഒത്തുചേർന്നാൽ, അവൻ മൃഗത്തേക്കാൾ ഭയാനകമായ ഒരു ജീവിയായി മാറുന്നു. വിവേകം നശിക്കുന്ന അത്തരം നിമിഷങ്ങളിൽ ചിന്തകളും പ്രവർത്തികളും അനിയന്ത്രിതമാവുകയും, സ്നേഹിച്ചു കൊതിതീരാത്ത ജീവിതങ്ങൾ പാതിവഴിയിൽ പൊലിഞ്ഞുപോവുകയും ചെയ്യുന്നു കാഴ്ചയാണ് നമ്മൾ നിത്യവും കാണുന്നത്.
വിവാഹമെന്ന പവിത്രമായ ബന്ധത്തിനുള്ളിൽ സംശയത്തിന്റെ വിത്തുകൾ പാകുമ്പോൾ, പരസ്പരമുള്ള വിശ്വാസമാണ് അവിടെ ആദ്യം കൊലചെയ്യപ്പെടുന്നത്. പങ്കാളി മറ്റൊരാളെ നോക്കുമോ എന്ന അനാവശ്യ ഭയവും അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകളും ഒരു സുന്ദരമായ കുടുംബത്തെ ചാരമാക്കാൻ കഴിവുള്ളതാണ്.
ഇത്തരമൊരു ദാരുണമായ അന്ത്യമാണ് പൊള്ളാച്ചിയിൽ 2025 നടന്നത്. പ്രണയിച്ചു വിവാഹിതരായവർ, ആ പ്രണയം തന്നെ മരണകാരണമായി മാറിയ വിരോധാഭാസം. ഭർത്താവിന്റെ അമിതമായ ലഹരി ഉപയോഗവും, അതിലുപരി അശ്ലീല വൈകൃതങ്ങളോടുള്ള ആസക്തിയും ഒരു പെൺകുട്ടിയുടെ ജീവനെടുത്ത സംഭവം. സ്നേഹിക്കാൻ മാത്രം പഠിച്ച ഒരു അമ്മയെ നഷ്ടപ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ, സ്വന്തം അച്ഛൻ തന്നെ അമ്മയുടെ ഘാതകനായപ്പോൾ അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് തള്ളപ്പെട്ട നിസ്സഹായവസ്ഥ.
2025 ഒക്ടോബർ പത്താം തീയതി, സമയം ഒൻപത് മണി. പൊള്ളാച്ചിയിലെ തിരക്കേറിയ എ.പി.ടി റോഡ്. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്ന ആളുകളെക്കൊണ്ട് ആ പ്രദേശം നിറഞ്ഞിരിക്കുകയാണ് . അന്ന് രാവിലെ പതിവുപോലെ തന്റെ ജോലിസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്നു ശ്വേതയെന്ന ഇരുപത്തിയാറുകാരി. കയ്യിലൊരു ബാഗുമേന്തി നടന്നുപോയ അവളെ പിന്തുടർന്ന് ഒരു ബൈക്ക് സാവധാനം വരുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ആ ബൈക്ക് ശ്വേതയുടെ അരികിൽ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിയ യുവാവ് അവളോട് തർക്കിക്കാൻ തുടങ്ങി. റോഡരികിൽ ആളുകൾ നോക്കി നിൽക്കെ അയാൾ ഉച്ചത്തിൽ സംസാരിക്കുകയും അവളോട് ദേഷ്യപ്പെടുകയും ചെയ്തു. ശ്വേതയും വിട്ടുകൊടുക്കാതെ സംസാരിച്ചതോടെ ആ യുവാവിന്റെ നിയന്ത്രണം വിട്ടു. അയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തി പുറത്തെടുത്തു. ആളുകൾ ഭയന്നു പിന്നോട്ടുമാറിയ നിമിഷം, അയാൾ ആ കത്തി കൊണ്ട് ശ്വേതയുടെ കഴുത്തിൽ ആഴത്തിൽ കുത്തി. രക്തം ചിതറിത്തെറിച്ചു. നിലവിളിക്കാൻ പോലും ആവാതെ ശ്വേത നിലത്തുവീണപ്പോൾ അയാൾ വീണ്ടും അവളുടെ നെഞ്ചിൽ ആഞ്ഞുകുത്തി.
അതുകൊണ്ടും അയാൾക്ക് മതിയായില്ല. ചോരയിൽ കുളിച്ചു കിടന്ന അവളുടെ മുഖം ആ റോഡരികിലെ ഓടയിലെ അഴുക്കുവെള്ളത്തിലേക്ക് അയാൾ ബലം പ്രയോഗിച്ച് ചവിട്ടിപ്പിടിച്ചു. ശ്വാസം കിട്ടാതെയും രക്തം വാർന്നും മിനിറ്റുകൾക്കുള്ളിൽ ആ റോഡരികിൽ വെച്ച് ശ്വേത മരണപെട്ടു. ഈ ക്രൂരകൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയാളെ നാട്ടുകാർ ചേർന്നാണ് പിടികൂടി പോലീസിലേൽപ്പിച്ചത്.
പോലീസ് അന്വേഷണത്തിലാണ് ഭാരതിയെന്ന ആ ക്രൂരനായ ഭർത്താവിന്റെ യഥാർത്ഥ മുഖം പുറത്തുവന്നത്. 2016-ൽ പ്രണയിച്ചു വിവാഹിതരായവരായിരുന്നു ശ്വേതയും ഭാരതിയും. എന്നാൽ വിവാഹശേഷം ഭാരതി ലഹരിക്ക് അടിമയായി. മദ്യപാനവും കഞ്ചാവും അയാളുടെ തലയ്ക്കു പിടിച്ചു. അതിനു പുറമെയായിരുന്നു അശ്ലീല വീഡിയോകളോടുള്ള അമിതമായ ആസക്തിയും. ആ വീഡിയോകളിൽ കാണുന്ന രീതിയിൽ ലൈംഗികമായി ബന്ധപ്പെടാൻ അയാൾ ശ്വേതയെ നിർബന്ധിക്കുമായിരുന്നു. എന്നാൽ അത് നിരസിക്കുമ്പോഴെല്ലാം അവളെ ശാരീരികമായി ക്രൂരമായി ഉപദ്രവിക്കുകയും അവളുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
പലതവണ പോലീസിൽ പരാതി നൽകിയിട്ടും മാതാപിതാക്കളുടെ സഹായം തേടിയിട്ടും ശ്വേതയ്ക്ക് ആശ്വാസം ലഭിച്ചില്ല. “നീ തന്നെ തിരഞ്ഞെടുത്തവനല്ലേ, നീ തന്നെ അനുഭവിച്ചോ” എന്നായിരുന്നു ശ്വേതയുടെ മാതാപിതാക്കളുടെ മറുപടി. ഒടുവിൽ സഹികെട്ട ശ്വേത തന്റെ രണ്ട് മക്കളുമായി മറ്റൊരു വാടകവീട്ടിലേക്ക് മാറിതാമസിച്ചു. എന്നാൽ ഭാരതി അവിടെയും ശല്യവുമായെത്തി. അവൾക്ക് മറ്റൊരു കാമുകനുണ്ടെന്ന് അയാൾ സംശയിച്ചു. ശ്വേത അയാളെ ബ്ലോക്ക് ചെയ്തതോടെ ആ സംശയം ദേഷ്യമായി മാറി. അതിന്റെ അവസാനമാണ് നടുറോഡിൽ വെച്ചുള്ള ഈ കൊലപാതകം.
ഭാരതിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ അയാൾ അശ്ലീല വീഡിയോകൾക്ക് എത്രമാത്രം അടിമയായിരുന്നു എന്ന് പോലീസിന് വ്യക്തമായി. ശ്വേതയ്ക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ഭാരതിയുടെ ചിന്താഗതികൾ മാത്രമായിരുന്നു കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കണ്ടെത്തി. തന്റെ സുഖത്തിന് വേണ്ടി ഭാര്യയെ മൃഗീയമായി ഉപദ്രവിച്ച ഭാരതി ഇപ്പോൾ അഴികൾക്കുള്ളിലാണ്. പക്ഷേ, മാതാപിതാക്കളെ നഷ്ടപ്പെട്ട ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവിയാണ് ഇന്ന് ചോദ്യചിഹ്നമായി നിൽക്കുന്നത്. സ്വന്തം അച്ഛന്റെ കൈകളാൽ മരണം സംഭവിച്ച ‘അമ്മ. ലഹരിയും സംശയമാവും കൊണ്ട് തകർന്നത് അവരുടെ ജീവിതം മാത്രം ആയിരുന്നില്ല അവർ കാരണം ലോകത്തേക്ക് വന ആ പിഞ്ചുകുഞ്ഞുങ്ങളുടെ കൂടെയായിരുന്നു.
















