ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ കുറ്റവിമുക്തന്‍. കെജ്രിവാളിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ വിശ്വസനീയമായ തെളിവുകൾ ഉപയോഗിച്ച് സ്ഥാപിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
വലിയ ഗൂഢാലോചനയും ക്രിമിനൽ ഉദ്ദേശ്യവും സംബന്ധിച്ച വാദങ്ങൾ ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കുന്നതല്ലെന്നും, രേഖയിലുള്ള വിവരങ്ങൾ കേവലം ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിബിഐയുടെ അന്വേഷണ രീതികളെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഗുരുതരമായ ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും, കൃത്യമായ രേഖകളില്ലാതെ കേന്ദ്ര ഗൂഢാലോചന ആരോപിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും വിധിന്യായത്തിൽ പറയുന്നു.
പ്രോസിക്യൂഷൻ വാദങ്ങൾക്ക് തെളിവുകളുടെ പിന്തുണയില്ലാതെ വരുന്നത് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെ ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു. മനീഷ് സിസോദിയയുടെ ഭാഗത്തുനിന്ന് ക്രിമിനൽ ഉദ്ദേശ്യം സൂചിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല.
















