കേരളത്തിലെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്നു വൈകുന്നേരം 3ന് ബഹു. വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. കാസര്‍കോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷന്‍ പരിസരത്താണ് 125 മെഗാവാട്ട് / 500 മെഗാവാട്ട് അവര്‍ ശേഷിയുള്ള ബെസ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 135 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തോടെ നിര്‍മ്മിക്കുന്ന പദ്ധതി, സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ എസ് ഇ ബി നടപ്പാക്കുന്നത്. 4 മണിക്കൂര്‍ തുടര്‍ച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതിയാണിത് എന്ന സവിശേഷതയും ഉണ്ട്. സംസ്ഥാനത്തിനോ കെ എസ് ഇ ബിക്കോ പ്രാരംഭ മുതല്‍മുടക്കില്ല എന്നതാണ് മറ്റൊരു വലിയ സവിശേഷത.
സംസ്ഥാനത്ത്, പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്‍പ്പെടെ പകല്‍ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളില്‍ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് BESS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാറ്ററി എനെര്‍ജി സ്റ്റോറേജ് സിസ്റ്റം. മൈലാട്ടിയില്‍ സ്ഥാപിക്കുന്ന 125 മെഗാവാട്ട് / 500 മെഗാവാട്ടവര്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം രാജ്യത്തെ തന്നെ ആദ്യ നാല് മണിക്കൂര്‍ സ്റ്റോറേജ് സംവിധാനമാണ്. ഉദ്ദേശം 550 കോടി രൂപ മുതല്‍ മുടക്ക് വരുന്ന പദ്ധതി മുന്‍കൂര്‍ പേയ്‌മെന്റ് നല്‍കാതെ താരിഫ് അടിസ്ഥാനമാക്കി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് (ബി.ഓ.ഓ.) മാതൃകയിലാണ് നടപ്പാക്കുന്നത്. ബെസ് പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് അധിക ബാധ്യത വരാതെ പീക്ക് സമയത്തെ വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ കുറവ് വരുന്ന തുകയില്‍ നിന്നും നല്‍കാന്‍ കഴിയും. താരതമ്യേന കുറഞ്ഞ നിര്‍മ്മാണ കാലയളവ് മാത്രം വേണ്ടി വരുന്ന ഈ പദ്ധതി 2026 ഒക്ടോബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൈലാട്ടി സബ്‌സ്റ്റേഷന്‍ പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഉദുമ എം എല്‍ എ, സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി പങ്കെടുക്കും. കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ എ എസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ്. എന്നിവരും വിവിധ ജനപ്രതിനിധികളും, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
















