ഇസ്ലാമാബാദ്: പാകിസ്താൻ–അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നു. പാകിസ്താന്റ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുന്നൂറിലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്താൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ് എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്താൻ അറിയിച്ചു. പാകിസ്താന് എതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. അതേ സമയം താലിബാൻ അത് നിഷേധിച്ചു.
300 ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്താൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
500-ൽ അധികം പേർക്ക് പരിക്കേൽക്കറ്റുവെന്നും തരാർ കൂട്ടിച്ചേർത്തു. 55 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു. പന്ത്രണ്ട് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. 13 താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ പറഞ്ഞു.
നിരവധി അഫ്ഗാൻ സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും പലതും പിടിച്ചെടുക്കുകയും ടാങ്കറുകളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്ക് നാശം വിതക്കുകയും ചെയ്തതായി പാകിസ്താൻ അവകാശപ്പെട്ടു. ‘ഞങ്ങളുടെ ക്ഷമ നശിച്ചു. ഇപ്പോൾ തുറന്ന യുദ്ധമാണ്,’ പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പ്രഖ്യാപിച്ചു. 2,600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാക്-അഫ്ഗാൻ അതിർത്തിയിൽ 53 സ്ഥലങ്ങളിൽ താലിബാൻ ഒരേസമയം ആക്രമണം നടത്തിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് നേരിട്ടുള്ള തിരിച്ചടിയാണ് തങ്ങളുടെ സൈനിക നടപടിയെന്നാണ് പാകിസ്താൻ പറയുന്നത്.
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ അഫ്ഗാൻ താലിബാൻ പിൻമാറണമെന്ന് പാക് കരസേനാ വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി പറഞ്ഞു. തെഹ്രിക്-ഇ-താലിബാൻ പാകിസ്താൻ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ദായിഷ്, അൽ-ഖ്വയിദ തുടങ്ങിയ പേരെടുത്തു പറഞ്ഞ് മുന്നറിയിപ്പ് നൽകി.
പരസ്പര ധാരണയിലൂടെയും ബഹുമാനത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കാനാണ് അഫ്ഗാനിസ്ഥാൻ ഇഷ്ടപ്പെടുന്നതെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു. കാബൂളും ഈ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദും പറഞ്ഞു.
സംഘർഷത്തിനിടെയുണ്ടായ മരണങ്ങളിൽ യുഎസ് അനുശോചനം അറിയിച്ചിട്ടുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടു. തീവ്രവാദ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ യുഎസ് പിന്തുണയ്ക്കുന്നതായും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. അതിർത്തിയിലെ സ്ഥിതിഗതികൾ അസ്ഥിരമായിരിക്കുന്നതിനാൽ പാകിസ്താനിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് അമേരിക്ക സുരക്ഷാ ഉപദേശവും പുറത്തിറക്കിയിട്ടുണ്ട്. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.
















