മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വെച്ച് വാക്കേറ്റമുണ്ടായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെ സർവീസിൽ നിന്ന് നീക്കം ചെയ്തത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മേയറുമായുള്ള വ്യക്തിപരമായ തർക്കമല്ല, മറിച്ച് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഗുരുതരമായ നിയമലംഘനമാണ് നടപടിക്ക് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
തൃശ്ശൂരിൽ നിന്നും തിരുവനന്തപുരം വരെയുള്ള സുദീർഘമായ യാത്രയിൽ ഡ്രൈവർ യദു നിയമങ്ങൾ കാറ്റിൽ പറത്തിയതായി മന്ത്രി അറിയിച്ചു. യാത്രയിലുടനീളം ഏകദേശം ആറ് മണിക്കൂറോളം സമയം ഇയർഫോൺ ഉപയോഗിച്ച് യദു മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ബസ്സിലെ അറുപതോളം യാത്രക്കാരുടെയും റോഡിലുള്ള മറ്റ് ജനങ്ങളുടെയും സുരക്ഷ കണക്കിലെടുക്കാതെയുള്ള ഈ പ്രവൃത്തി അതീവ ഗുരുതരമാണെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
യദു കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവറായിട്ടായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഫോൺ സംഭാഷണങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ.എസ്.ആർ.ടി.സി എം.ഡിക്ക് സമർപ്പിച്ചിരുന്നു. ഈ ഡിജിറ്റൽ തെളിവുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡ്രൈവറെ ഒഴിവാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.
മേയർ ആര്യ രാജേന്ദ്രനുമായുള്ള പ്രശ്നത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ഗണേഷ് കുമാർ വെളിപ്പെടുത്തി. ഇത് കേവലം അച്ചടക്ക നടപടി മാത്രമാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















