നഗരത്തിലെ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകി ദുബായ് ആകാശത്ത് വെച്ച് പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങളാണ് വീടുകളുടെ മുറ്റത്ത് വീണത്. പരിക്കേറ്റവർക്ക് ഉടൻ തന്നെ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റത്താണ് അവശിഷ്ടങ്ങൾ വന്നുപതിച്ചത്. സംഭവത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശത്രുപക്ഷത്തുനിന്നുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ശബ്ദങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ നടപടികൾ ശക്തമാണെന്നും ദുബായ് സർക്കാർ അറിയിച്ചു.
















