കോട്ടയം: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.
‘ഇറാനിലെ ഒരു സ്‌കൂളില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിയായ വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അവരുടെ മാതാപിതാക്കളും ബന്ധുക്കളും വിലപിക്കുന്നു. നമുക്ക് ആ വിലാപത്തില്‍ പങ്കുചേരാന്‍ കഴിയുന്നുണ്ടോ? മനസ്സലിവ് തോന്നുന്നതിനായി സാധിക്കുമോ. തളര്‍വാതം പിടിച്ചിരിക്കുന്നവരാണ് യുദ്ധം ചെയ്യുന്നവര്‍. നല്ല ബോധമുള്ളവര്‍ക്ക് യുദ്ധം ചെയ്യാന്‍ തോന്നുകില്ല. നീതിക്കും സത്യത്തിനും വേണ്ടി യുദ്ധം ഒരു പരിഹാരം ആവുകയില്ല. അതുകൊണ്ട് അഹങ്കാരത്തില്‍ അധിഷ്ഠിതമായി ശരീരവും മനസ്സും തളര്‍വാതം പിടിച്ച ആളുകളാണ് ഇന്ന് യുദ്ധം നയിക്കുന്നത്. അവരെ ക്രിസ്തുവിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രാര്‍ത്ഥിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ല’, കാതോലിക്കാ ബാവ പറഞ്ഞു.
















