പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമഗതാഗതം സ്തംഭിക്കുന്നു. ഞായറാഴ്ച മാത്രം നൂറിലധികം അന്താരാഷ്ട്ര വിമാന സർവീസുകളാണ് റദ്ദാക്കിയത്. തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ മുടങ്ങിയതോടെ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ട ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം പുറപ്പെടേണ്ട 62 വിമാനങ്ങളും എത്തേണ്ട 42 വിമാനങ്ങളും ഉൾപ്പെടെ നൂറിലധികം സർവീസുകൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
യാതൊരു മുന്നറിയിപ്പുമില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദീർഘദൂര യാത്രയ്ക്കായി എത്തിയ പലരും മണിക്കൂറുകളോളം ടെർമിനലുകളിൽ കാത്തിരിക്കേണ്ടി വന്നു. അന്താരാഷ്ട്ര സർവീസുകളിലെ ഈ വ്യാപകമായ തടസ്സങ്ങൾ ആഭ്യന്തര വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. നിരവധി ആഭ്യന്തര വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















