ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ താഴ്വരയിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗത നിയന്ത്രിക്കാൻ അധികൃതർ ഉത്തരവിട്ടു. മേഖലയിലെ ക്രമസമാധാന നില തകരാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു.
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന വാർത്ത പുറത്തുവന്നതോടെയാണ് കശ്മീരിൽ പ്രതിഷേധം ആളിക്കത്തിയത്. ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീർ താഴ്വരയിലെ പ്രമുഖ നഗരങ്ങളെല്ലാം പ്രതിഷേധാഗ്നിയിലാണ്. ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്‌ഗാം, ബന്ദിപ്പോറ, ആനന്ദ്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
പ്രതിഷേധങ്ങൾ അക്രമാസക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് സുരക്ഷാ സേന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പടരുന്നത് തടയാനാണ് മൊബൈൽ നെറ്റ്‌വർക്കുകളുടെ വേഗത കുറച്ചിരിക്കുന്നത്. നിലവിൽ 2G വേഗതയിൽ മാത്രമാണ് ഇന്റർനെറ്റ് ലഭ്യമാകുന്നത്. അനാവശ്യമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
















